ഫോൺ നമ്പറുകളും ഐപി അഡ്രസുമടക്കമുള്ള ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്ന പ്രസ്താവനയുമായി ടെലഗ്രാം ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ പാവെല്‍ ദുറോവ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി ശ്രദ്ധയിൽപ്പെടുന്ന അക്കൗണ്ടുകളുടെ വിവരങ്ങളാണ് നൽകുക. കുറ്റവാളികൾ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നത് തടയാനായി സേവന വ്യവസ്ഥകൾ മാറ്റിയിട്ടുണ്ടെന്ന് ദുറോവ് തിങ്കളാഴ്ച ടെലഗ്രാമിൽ പോസ്റ്റ് ചെയ്‌തു. ബാലലൈംഗിക പീഡനം പ്രോല്‍സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചുവെന്ന കേസില്‍ ദുറോവ് ഫ്രാൻസിൽ അറസ്റ്റിലായി ഒരു മാസം തികയുന്നതിന് മുമ്പാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.
പുതിയ നിയന്ത്രണങ്ങളും മാറ്റങ്ങളും ടെലഗ്രാമിലെ പ്രശ്നക്കാരെ ഉന്നംവെച്ചാണ്. സാധാരണ ഉപഭോക്താക്കളെ ഇത് യാതൊരു കാരണവശാലും ബാധിക്കുകയില്ല. മെറ്റയുടെ കീഴിലുള്ള വാട്സാപ്പ് പോലുള്ളവര്‍ നേരത്തെ തന്നെ ഈ നയം പിന്തുടരുന്നുണ്ട്.
നിയമവിരുദ്ധമായ വസ്തുക്കളും ഉള്ളടക്കങ്ങളും ടെലഗ്രാമില്‍ തിരയുന്നവരെ ടെലഗ്രാം ബ്ലോക്ക് ചെയ്യും, ഇത്തരം ഉള്ളടക്കങ്ങള്‍ പങ്കുവെക്കാനോ തിരയാനോ ശ്രമിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ അധികൃതര്‍ക്ക് കൈമാറും.
സുഹൃത്തുക്കളേയും പുതിയ വാര്‍ത്തകളും കണ്ടുപിടിക്കാനാണ് ടെലഗ്രാമിലെ സെര്‍ച്ച് ഫീച്ചര്‍ അല്ലാതെ നിയമ വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനല്ലെന്നും ദുറോവ് വ്യക്തമാക്കുന്നു. ദുരുപയോഗം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി ടെലഗ്രാം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെയും ഒരു സംഘം മോണിറ്റർമാരുടോയും സഹായത്തോടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഉള്ളടക്കങ്ങൾ സെര്‍ച്ച് റിസള്‍ട്ടുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ തുടങ്ങി.
നിയന്ത്രണങ്ങള്‍ കര്‍ശനമല്ലാത്തതിന് സ്ഥിരം പഴി കേള്‍ക്കുന്ന ടെലഗ്രാം, ഉപഭോക്താക്കള്‍ക്ക് ആവശ്യത്തില്‍ക്കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിപ്പോന്നിരുന്നു. എന്നാല്‍ ദുറോവിന്‍റെ പുതിയ പ്രസ്താവന ടെലഗ്രാമിന്റെ സർക്കാർ അഭ്യർത്ഥനകളോടുള്ള സമീപനത്തില്‍ വന്ന വലിയ മാറ്റത്തെ കാണിക്കുന്നു. യുഎഇ ആസ്ഥാനമായുള്ള ഈ പ്ലാറ്റ്‌ഫോം, വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ നൽകിയ ബ്ലോക്കിങ് അഭ്യർത്ഥനകൾക്ക് മറുപടി നൽകാറില്ലായിരുന്നു കൂടാതെ സംശയാസ്പദരായ കുറ്റവാളികളെക്കുറിച്ചുള്ള വിവര അഭ്യർത്ഥനകളെയും പലപ്പോഴും അവഗണിച്ചുപോന്നു.
ഓഗസ്റ്റിലാണ് റഷ്യന്‍ വംശജനായ ദുറോവിനെ ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ ടെലഗ്രാം വഴി നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്യുന്നത്. ഈ കേസിൽ, സംശയാസ്പദരായ കുറ്റവാളികളെ പിടികൂടുന്നതിനായി നിയമവിരുദ്ധമായി ഡാറ്റ നൽകാൻ കമ്പനിയും ദുറോവും വിസമ്മതിച്ചുവെന്നാണ് കുറ്റം. ദുറോവ് ഈ ആരോപണങ്ങൾ നിഷേധിക്കുന്നുണ്ടെങ്കിലും അന്വേഷണം നടക്കുന്നതിനാൽ ഫ്രാൻസിൽ തന്നെ തുടരാനാണ് നിർദ്ദേശം. ദുറോവിന്‍റെ അറസ്റ്റിനു ശേഷം ടെലഗ്രാം പുതിയ ചില മാറ്റങ്ങള്‍ നടപ്പാക്കി. ഈ മാസം ആദ്യം ടെലിഗ്രാം പുതിയ മീഡിയ അപ്ലോഡുകളില്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. ബോട്ടുകളെയും തട്ടിപ്പുകാരെയും തടയാനാണ് ഇതെന്നായിരുന്നു ദുറോവിന്‍റെ പ്രതികരണം.