തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ഹനുമാന്‍ കുരങ്ങുകള്‍ ഇടയ്ക്ക് പുറത്തേക്ക് സര്‍ക്കീട്ടിനിറങ്ങുന്നത് നമുക്ക് ഇപ്പോള്‍ പരിചയമുള്ള വാര്‍ത്തയാണ്. അത്തരത്തില്‍ തെക്കന്‍ കരോളൈനയിലെ ലാബില്‍ നിന്നും ഒരു കൂട്ടം കുരങ്ങന്‍മാര്‍ ചാടിപ്പോയിരിക്കുകയാണ്. ആല്‍ഫ ജനിസിസ് എന്ന സംരക്ഷണ കേന്ദ്രത്തില്‍ പരീക്ഷണങ്ങള്‍ക്കായി സംരക്ഷിച്ചിരുന്ന 43 റീസസ് കുരങ്ങന്‍മാരാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്നത്. ഇതില്‍ 32 പേരെ പിടികൂടി തിരികെ എത്തിച്ചു. ശേഷിക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കുരങ്ങന്‍മാര്‍ക്ക് ഭക്ഷണം നല്‍കിയ ശേഷം കൂട് പൂര്‍ണമായി അടയ്ക്കാന്‍ മറന്നതോടെയാണ് വാനരക്കൂട്ടം ചാടിപ്പോയത്. തിരിെക എത്തിയവര്‍ പീനട്ട് ബട്ടറും സാന്ഡ്വിച്ചും കഴിച്ച് ആരോഗ്യവാന്‍മാരായി ഇരിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. പുറത്തിറങ്ങി നടക്കുന്ന കുരങ്ങുകള്‍ പൊതുജനങ്ങള്‍ക്ക് ഭീഷണിയല്ലെന്നും എന്നാലും കരുതല്‍ വേണമെന്നും ഇണക്കാന്‍ ശ്രമിക്കരുതെന്നും അധികൃതര്‍ അറിയിച്ചു.
വലിയ സാഹസമാണ് കുരങ്ങന്‍മാര്‍ കാണിച്ചതെന്നായിരുന്നു ശാസ്ത്രജ്ഞരുടെ പ്രതികരണം. കൂട്ടത്തിലെ രണ്ട് കുരങ്ങന്‍മാര്‍ ആദ്യമിറങ്ങിയെന്നും, ശേഷമുള്ളവര്‍ ഇവര്‍ക്ക് പിന്നാലെ പുറത്ത്ചാടി സമീപത്തെ കാട്ടിലേക്ക് കയറുകയായിരുന്നുവെന്നും അധികൃതര്‍ വെളിപ്പെടുത്തി. വലിയ പൂച്ചയുടെ വലിപ്പമാണ് മിക്ക കുരങ്ങുകള്‍ക്കുമുള്ളത്. പെണ്‍കുരങ്ങുകള്‍ക്ക് പരമാവധി മൂന്ന് കിലോയോളമാണ് ഭാരം. പ്രദേശവാസികളുടെ ശ്രദ്ധയില്‍ കുരങ്ങന്‍മാരെ കണ്ടാല്‍ അറിയിക്കണമെന്നും കരണംമറിഞ്ഞ് നടക്കുന്നതിനാല്‍ തന്നെ പിടിക്കാന്‍ പ്രയാസമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
1800കളുടെ അവസാനത്തോടെയാണ് കുരങ്ങന്‍മാരെ ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കായി മനുഷ്യന്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. റീസസ് കുരങ്ങനും മനുഷ്യനും ഒരേ പൂര്‍വികനില്‍ നിന്നുള്ളതാണെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. 25 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊതുപൂര്‍വികനില്‍ നിന്നും പരിണാമം സംഭവിച്ചുവെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. മനുഷ്യന്‍റെയും റീസസ് കുരങ്ങുകളുടെയും ജനിതക ഘടന 93 ശതമാനം ഒരുപോലെയാണെന്നതാണ് ഈ അനുമാനത്തിന് അടിസ്ഥാനം.