ഈ വര്‍ഷത്തെ ബുക്കര്‍ പ്രൈസ് ഇംഗ്ലീഷ് എഴുത്തുകാരി സമാന്ത ഹാര്‍വിയുടെ 'ഓര്‍ബിറ്റലി'ന്. 24 മണിക്കൂര്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിനുള്ളില്‍ കഴിയുന്ന ആറ് യാത്രക്കാരുടെ വിചാരങ്ങളാണ് നോവലിലെ പ്രതിപാദ്യം. 50,000 പൗണ്ടാണ് (53,79,510 രൂപ) സമ്മാനത്തുക. തീവ്രവും എന്നാല്‍ ഒഴുക്കുള്ളതുമായ ഭാഷയിലൂടെ അപരിചിതമായ ലോകത്തെ അനുഭവവേദ്യമാക്കുന്നതായിരുന്നു സമാന്തയുടെ എഴുത്തെന്ന് പുരസ്കാരം പ്രഖ്യാപിച്ച് സമിതി വ്യക്തമാക്കി.
ഭൂമിയെ സ്നേഹിക്കുന്നവര്‍ക്കും ഭൂമിക്കായി നിലകൊള്ളുന്നവര്‍ക്കും മനുഷ്യാന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്വര്‍ക്കും സമാധാനകാംക്ഷികള്‍ക്കുമായി താന്‍ ഈ നേട്ടം സമര്‍പ്പിക്കുന്നുവെന്ന് പുരസ്കാരം ഏറ്റുവാങ്ങി സമാന്ത പറഞ്ഞു. എഴുത്തിനിടെ ഒരുഘട്ടത്തില്‍ നോവല്‍ ഉപേക്ഷിച്ചാലോ എന്നുവരെ താന്‍ ചിന്തിച്ചിരുന്നുവെന്നും സാമന്ത വെളിപ്പെടുത്തി. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ആളുകള്‍ കഴിയുമ്പോള്‍ അത് സങ്കല്‍പ്പിച്ച് താന്‍ ഇവിടെയിരുന്ന് എഴുതിക്കൂട്ടുന്നതിന് എന്താണ് പ്രസക്തിയെന്ന ആലോചനയാണ് നോവല്‍ എഴുത്ത് നിര്‍ത്താന്‍ ഒരുഘട്ടത്തില്‍ പ്രേരിപ്പിച്ചതെന്നും അവര്‍ വിശദീകരിച്ചു.
ദൗത്യവുമായി ബഹിരാകാശത്തെത്തിയവര്‍ക്ക് പെട്ടെന്ന് ഭൂമിയെ കുറിച്ചുള്ള ചിന്തകള്‍ നിറയുന്നു. ഭൂമിയിലെ ജീവന്‍, ഭൂമിയില്ലായിരുന്നുവെങ്കില്‍ ജീവന്‍ എങ്ങനെ നിലനില്‍ക്കുമായിരുന്നു, മനുഷ്യവാസമില്ലായിരുന്നെങ്കില്‍ ഭൂമി എന്തായേനെ എന്നിങ്ങനെ ആ വിചാരങ്ങള്‍ സങ്കീര്‍ണമാകുന്നു. ഒടുവില്‍ ആറുപേരുമൊന്നിച്ച് നിശബ്ദമായി ഭൂമിയെ ബഹിരാകാശത്തിരുന്ന് വീക്ഷിക്കാന്‍ തീരുമാനിച്ചു. ഭൂമിയുടെ സഞ്ചാരം, ആറ് ഭൂഖണ്ഡങ്ങള്‍, മാറി മറിഞ്ഞുവരുന്ന ഋതുക്കള്‍, മഞ്ഞുമലകളും, മരുഭൂമികളും, പര്‍വത നിരകളും പലതരം സമുദ്രങ്ങളുമെന്നിങ്ങനെ 24 മണിക്കൂറിനുള്ളില്‍ വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ അവര്‍ക്ക് മുന്നിലേക്ക് എത്തുന്നത് അതീവ ഹൃദ്യവും ചിന്ത്യവുമായി സാമന്ത 'ഓര്‍ബിറ്റില്‍' വിവരിക്കുന്നു. പ്രമേയത്തിലെ കൗതുകം കൊണ്ടുതന്നെ ഓര്‍ബിറ്റല്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. യുകെയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങിയെന്ന ഖ്യാതിയും ഓര്‍ബിറ്റല്‍ നേടി.
2009 ല്‍ സമാന്തയുടെ കന്നി നോവലായ ദ് വൈല്‍ഡര്‍നെസും ബുക്കറിനുള്ള ആദ്യ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ബുക്കര്‍ സമ്മാനം ലഭിക്കുന്ന 19–ാമത്തെ വനിതയാണ് സമാന്ത. 36 പുരുഷ എഴുത്തുകാരും ഇതിനകം ബുക്കര്‍ സമ്മാനത്തിന് അര്‍ഹരായിട്ടുണ്ട്. യേല്‍ വാന്‍ ഡര്‍ വൂഡന്‍, റേച്ചല്‍ കുഷ്നര്‍, ആനി മിഷേല്‍, ഷാര്‍ലറ്റ് വൂഡ്, പെര്‍സിവല്‍ എവര്‍ട് എന്നിങ്ങനെ അഞ്ച് വനിതകളാണ് ഇക്കുറി ബുക്കറിന്‍റെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്.