തന്‍റെ കുട്ടിയാണ് എന്ന ധാരണയില്‍ ലാളിച്ച് വളര്‍ത്തി വലുതാക്കിക്കഴിയുമ്പോള്‍ ആ കുഞ്ഞ് തന്‍റേതല്ല എന്ന് അറിഞ്ഞാലോ? അല്ലെങ്കില്‍ അങ്ങനെ ഒരു സംശയം ഉടലെടുത്താലോ?. കുടുംബബന്ധങ്ങള്‍ എപ്പോള്‍ തകര്‍ന്നുവെന്ന് ചോദിച്ചാല്‍ മതി. ഈയിടെ പുറത്തിറങ്ങിയ 1000 ബേബീസ് എന്ന വെബ്സീരീസ് മറന്നിട്ടില്ലല്ലോ? ഇത് സമാനമായ മറ്റൊരു സംഭവമാണ്. മകളുടെ സൗന്ദര്യത്തില്‍ സംശയം തോന്നി, ഡിഎന്‍എ ടെസ്റ്റ് നടത്തിയ ഒരു പിതാവിന്‍റെ ജീവിതം.. അതിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.
സ്ഥലം വിയറ്റ്നാമാണ്. കുട്ടിക്കാലത്ത് തറയിലും തലയിലും വെക്കാതെയാണ് അയാള്‍ തന്‍റെ പെണ്‍കുഞ്ഞിനെ ലാളിച്ച് വളര്‍ത്തിയത്. എന്നാല്‍ മകള്‍ കൗമാരപ്രായത്തിലെത്തിയതോടെ ആ പിതാവില്‍ ഒരു സംശയം ഉടലെടുത്തു. ഇത് എന്‍റെ മകളല്ലേ എന്നൊരു ചിന്ത.. കാരണം മറ്റൊന്നുമല്ല, തന്‍റെ മകള്‍ നാള്‍ക്കുനാള്‍ അതീവ സുന്ദരിയായി വരുന്നതാണ് ഈ പിതാവില്‍ സംശയം ജനിപ്പിച്ചത്.
ആദ്യം അയാള്‍ സംശയിച്ചത് പങ്കാളിയായ ഭാര്യയെ തന്നെ. അവള്‍ക്ക് അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞായിരിക്കാം ഇതെന്നായിരുന്നു അയാളുടെ വാദം. അതോടെ കുടുംബത്തിന്‍റെ സന്തോഷമൊക്കെ പോയി, മിക്കപ്പോഴും അടിയും വഴക്കും.. അങ്ങനെ അയാള്‍ ആ തീരുമാനത്തിലെത്തി. ഡിഎന്‍എ ടെസ്റ്റ് നടത്താം.. ആ പരിശോധനയിലാണ് ആദ്യ ട്വിസ്റ്റ്. മറ്റൊരാളാണ് കുട്ടിയുടെ പിതാവ്.. അത് ഡിഎന്‍എ ടെസ്റ്റില്‍ വ്യക്തമായി.
അന്ന് രാത്രി, മദ്യപിച്ച ശേഷം, ഡിഎൻഎ പരിശോധനാ ഫലവുമായി ആക്രോശിച്ചുകൊണ്ട് അയാള്‍ ഭാര്യയുടെ മുന്നിലെത്തി. ഇത് എന്‍റെ മകളല്ല എന്ന് തെളിവ് സഹിതം അയാള്‍ സമര്‍ത്ഥിച്ചു. എന്തൊക്കെയാണ് നടക്കുന്നതെന്ന് വ്യക്തമല്ലാതെ, ആ സ്ത്രീ മകളെയും കൊണ്ട് വീടു വിട്ടിറങ്ങി. മകള്‍ക്ക് തന്നോട് ഒരു സാമ്യവുമില്ലെന്ന തോന്നലാണ് ഡിഎന്‍എ ടെസ്റ്റിന് ആ പിതാവിനെ പ്രേരിപ്പിച്ചത്.
എന്നാല്‍ പിന്നീട് സംഭവിച്ചതാണ് സിനിമകളെയും വെബ് സീരീസുകളെയുമെല്ലാം വെല്ലുന്ന ട്വിസ്റ്റ്. താന്‍ ദുര്‍നടപ്പുകാരിയാണെന്ന് പറഞ്ഞതോടെ, അയാളെ വിട്ട് മകളെയും നെഞ്ചോട് ചേര്‍ത്ത് മറ്റൊരിടത്ത് താമസമായി ആ അമ്മ. അങ്ങനെ തന്‍റെ മകളെ അവര്‍ മറ്റൊരു സ്കൂളിലേക്ക് മാറ്റി. ആ പെണ്‍കുട്ടി അവിടെയുള്ള മറ്റൊരു പെണ്‍കുട്ടിയുമായി വളരെ പെട്ടെന്ന് കമ്പനിയായി.
ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍, ഈ 2 കുട്ടികളുടെയും ജനനത്തീയതി ഒന്നാണ്.. ഒരുദിവസം ഈ പെണ്‍കുട്ടി തന്‍റെ കൂട്ടുകാരിയെ വീട്ടിലെ ജന്മദിനാഘോഷത്തിലേക്ക് ക്ഷണിച്ചു. അന്ന് വീട്ടിലെത്തിയ തന്‍റെ മകളുടെ കൂട്ടുകാരിയെ കണ്ട് കുട്ടിയുടെ മാതാവ് അമ്പരന്നു പോയി. തന്‍റെ ഇളയ മകളുടെ തനിപ്പകര്‍പ്പായിരുന്നു ആ പെണ്‍കുട്ടിയും. ആസാധാരണമായ സാദൃശ്യം..
സംശയം തോന്നിയ യുവതി പെൺകുട്ടിയുടെ കുടുംബത്തെ ബന്ധപ്പെട്ടു. അങ്ങനെ അവരോട് എല്ലാ കാര്യങ്ങളും പറഞ്ഞ് മനസിലാക്കിയ ശേഷം, ഈ പെണ്‍കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തി. ഈ ടെസ്റ്റാണ് അടുത്ത ട്വിസ്റ്റ്. അവിടുത്തെ വളരെ അറിയപ്പെടുന്ന ഒരു ആശുപത്രിയുടെ അനാസ്ഥയിലേക്കാണ് ആ ഡിഎന്‍എ ടെസ്റ്റ് വെളിച്ചം വീശിയത്.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഈ രണ്ട് പെൺകുട്ടികളും ജനിച്ചത് ഒരേ ആശുപത്രിയിലാണ്, ഒരേ ദിനത്തിലാണ്. പരസ്പരം കുട്ടികളെ മാറിപ്പോയതാണെന്ന് തീര്‍ത്തും വ്യക്തമായി. ഒടുവില്‍ ഇരുകുടുംബങ്ങളും ചര്‍ച്ച നടത്തി ഒരു സമവായത്തിലെത്തി. ഒരുമയോടെ കഴിയാനായിരുന്നു അവരുടെ തീരുമാനം. രക്തബന്ധമില്ലെങ്കിലും മുറിച്ചുമാറ്റാനാകാത്ത ബന്ധത്തിലായി രണ്ടുകുടുംബങ്ങളും. ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമോയെന്ന കാര്യം ഈ കുടുബങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
വിയറ്റ്നാമീസ് മാധ്യമമായ ഡോക്നാൻ റിപ്പോർട്ട് ചെയ്ത ഈ വാര്‍ത്ത ചൂടേറിയ ഓൺലൈൻ ചർച്ചകൾക്കാണ് കാരണമായിരിക്കുന്നത്. കൊറിയൻ ടിവി സീരിയലായ ‘ഓട്ടം ഇൻ മൈ ഹാർട്ടി’ലെ ട്വിസ്റ്റുകൾ പോലെ സിനിമയെ വെല്ലുന്നതാണ് ഈ സംഭവമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ഈ സംഭവത്തെ കുറിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റും വാര്‍ത്ത നല്‍കിയിട്ടുണ്ട്.