ഫ്രാന്‍സിനെ പിടിച്ചുകുലുക്കിയ ‘അഫയര്‍ മാസാന്‍’കേസിന്റെ വിചാരണ അന്തിമഘട്ടത്തില്‍ . ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ഓണ്‍ലൈനിലൂടെ പുരുഷന്‍മാരെ തിരഞ്ഞ് വീട്ടിലെത്തിച്ച ഭര്‍ത്താവ്, 70കാരനായ ഡൊമിനിക് പെലിക്കോട്ട് ആണ് കേസിലെ പ്രതി. ഫ്രാന്‍സിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച കൂട്ടബലാത്സംഗക്കേസായിരുന്നു ഇത്.
2011-2020 കാലയളവിൽ ഡൊമിനിക് തന്റെ ഭാര്യയെ എഴുപതോളം പുരുഷന്മാർക്ക് ബലാത്സംഗം ചെയ്യാൻ വിട്ടുകൊടുത്തെന്നാണ് കേസ്. ലോകമനസാക്ഷിയെ വിറങ്ങലിപ്പിച്ച സംഭവം കൂടിയായിരുന്നു ഇത്. ഫ്രാന്‍സിലെ അവിഗ്നോണിനു സമീപത്തുള്ള അഫയര്‍ മാസാന്‍ എന്ന സ്ഥലത്തായിരുന്നു ദമ്പതികള്‍ താമസിച്ചത്. അങ്ങനെയാണ് കേസിന് ഈ പേരുവന്നത്.
2020ല്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ച് സ്ത്രീകളുടെ ദൃശ്യമെടുക്കാന്‍ ഡൊമിനിക് ശ്രമിച്ചതാണ് സംഭവം വെളിപ്പെടാന്‍ സാഹചര്യമൊരുക്കിയത്. പൊലീസ് പിടിയിലായ ഡൊമിനിക്കിന്റെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പ്രതിയുടെ സ്കൈപ് അക്കൗണ്ടില്‍ നിന്നും ലഭിച്ച ചാറ്റുകളെ പിന്‍തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്. ചാറ്റുകള്‍ക്ക് പിന്നാലെ മനസാക്ഷി മരവിപ്പിക്കുന്ന പല വിഡിയോസും ലഭിച്ചു. ഡൊമിനിക്കിന്റെ ഭാര്യയെ അന്യ പുരുഷന്മാർ ബലാത്സംഗം ചെയ്യുന്നതിന്റെ ആയിരത്തിലധികം ദൃശ്യങ്ങൾ. എല്ലാ ദൃശ്യങ്ങളിലും ബോധരഹിതയായിരുന്നു ആ സ്ത്രീ.
ഇതിനിടെ കേസിലെ അതിജീവിതയായ ഡൊമിനിക്കിന്റെ മുന്‍ഭാര്യ തന്റ ഐഡന്റിറ്റിയെല്ലാം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഉള്‍പ്പെടെ വെളിപ്പെടുത്തിയിരുന്നു. തന്റെ മുഖമോ വിവരങ്ങളോ മറച്ചുവക്കേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു. അറസ്റ്റിലായ ഡൊമിനിക് കുറ്റമെല്ലാം സമ്മതിച്ചു. പത്തുവര്‍ഷത്തോളം കാലം ഭര്‍ത്താവ് തനിക്ക് മയക്കുമരുന്ന് നല്‍കി മറ്റുള്ളവര്‍ക്ക് ബലാത്സംഗത്തിനു വിട്ടുകൊടുത്ത വിവരം പോലും പൊലീസ് പറയുമ്പോഴാണ് ആ സ്ത്രീ അറിഞ്ഞത്. പിന്നാലെ ഡൊമിനിക്കുമായുള്ള വിവാഹബന്ധം അവര്‍ വേര്‍പെടുത്തി.
അതേസമയം ഡൊമിനിക്ക് ക്ഷണിച്ചതിനെത്തുടര്‍ന്ന് വീട്ടിലെത്തിയ കേസിലെ മറ്റുപ്രതിപ്പട്ടികയിലുള്ളവരെല്ലാം കുറ്റം നിഷേധിക്കുകയായിരുന്നു. സ്ത്രീ ബോധരഹിതയായിരുന്നുവെന്നോ മയങ്ങിയ അവസ്ഥയിലായിരുന്നുവെന്നോ തങ്ങളറിഞ്ഞില്ലെന്നായിരുന്നു ഇവരുടെ വാദം. ഇതും ഫ്രാന്‍സില്‍ വലിയ ചര്‍ച്ചക്കു വഴിവച്ചിരുന്നു. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.