ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി അഴുക്കു ചാലില്‍ എറിഞ്ഞു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ട് ജില്ലയിലാണ് സംഭവം. ഭര്‍തൃമാതാവും മൂന്ന് പേരും ചേര്‍ന്നാണ് കൊല നടത്തിയത്. യുവതിയുടെ മൃതദേഹം 25 കഷണങ്ങളാക്കിയെന്ന് യുവതിയുടെ പിതാവ് പറയുന്നു.
ഇരുപതുകാരിയായ സാറ ഖാദറിനെ കഴിഞ്ഞ ആഴ്ചയാണ് കാണാതായത്. പിന്നീട് മൂന്ന് ചാക്കുകളിലായി കഷണങ്ങളാക്കിയ നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍തൃമാതാവ് സുഗ്രന്‍ ബീബി, മകള്‍ യാസ്മിന്‍, ചെറുമകന്‍ ഹംസ, അകന്ന ബന്ധുവായ നവീദ് എന്നിവരുള്‍പ്പെടെ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
സാറ ഉറങ്ങി കിടക്കുന്ന സമയം നാല് പേരും ചേര്‍ന്ന് തലയണ മുഖത്ത് അമര്‍ത്തി കൊലപ്പെടുത്തി. പിന്നാലെ മുഖം കത്തിക്കുകയും മൃതദേഹം കഷണങ്ങളാക്കി മുറിക്കുകയും ചാക്കുകളാക്കി അഴുക്ക് ചാലില്‍ തള്ളുകയുമായിരുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു.
സാറ മറ്റൊരാളുടെ കൂടെ ഒളിച്ചോടി പോയി എന്നാണ് യുവതിയെ കാണാതായതിന് പിന്നാലെ ഭര്‍തൃമാതാവ് എല്ലാവരോടും പറഞ്ഞത്. നാല് വര്‍ഷം മുന്‍പായിരുന്നു സാറയും ഖാദിര്‍ അഹമ്മദ് എന്നയാളും തമ്മിലെ വിവാഹം. വിവാഹശേഷം സൗദിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനൊപ്പം സാറ പോയിരുന്നു. ഏതാനും മാസം മുന്‍പാണ് തിരിച്ചെത്തിയത്.