TOPICS COVERED

അധ്യാപികമാരുടെ ശുചിമുറിയിലെ ബൾബ് ഹോൾഡറിനുള്ളിൽ ഒളിക്യാമറ വച്ച സംഭവത്തിൽ സ്കൂൾ ഡയറക്ടർ പൊലീസ് പിടിയിലായി. ഉത്തർപ്രദേശിലാണ് സംഭവം. നോയിഡയിലെ സെക്ടർ 70-ലെ ലേൺ വിത്ത് ഫൺ എന്ന പ്ലേ സ്കൂളിന്റെ ഡയറക്ടറായ നവ്നിഷ് സഹായ് ആണ് അറസ്റ്റിലായത്.  ശുചിമുറി ദൃശ്യങ്ങൾ തത്സമയം കമ്പ്യൂട്ടറിലൂടെയും മൊബെൽ ഫോണിലൂടെയും കാണാൻ സാധിക്കുന്ന വിധത്തിലാണ് നവ്നിഷ് ചെയ്തിരുന്നത്.

സ്കൂളിലെ ഒരു അധ്യാപികയാണ് ശുചിമുറിയിലെ ഒളിക്യാമറ കണ്ടെത്തിയത്. ബൾബ് ഹോൾഡറിനുള്ളിൽ അസാധാരണമായ മങ്ങിയ വെളിച്ചം കാണുകയും അത് പരിശോധിച്ചപ്പോൾ ക്യാമറ കണ്ടെത്തുകയുമായിരുന്നു. ഉടനടി വിവരം ഡയറക്ടറായ നവ്നിഷ് സഹായിയേയും കോഓർഡിനേറ്ററായ പരുളിനേയും വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതോടെ അധ്യാപിക പൊലീസിൽ പരാതി നൽകി.

അധ്യാപികയുടെ പരാതിയിൽ നോയിഡ സെൻട്രൽ ഡെപ്യൂട്ടി കമ്മിഷ്ണർ ശക്തി മോഹൻ അവാസ്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് നവ്നിഷ് സഹായിയെ പോലീസ് അറസ്റ്റു ചെയ്തത്. ക്യാമറയിലൂടെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാതെ ലൈവ് സ്ട്രീമിങ് നടത്താൻ കഴിയുമെന്ന് പരിശോധനയിൽ വ്യക്തമായി. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചു.

22000 രൂപയ്ക്ക് ഓൺലൈനിൽനിന്നാണ് ഇയാൾ ക്യാമറ വാങ്ങിയത്. ബൾബ് ഹോൾഡറിനുള്ളിൽ വെയ്ക്കാൻ തരത്തിൽ പ്രത്യേകം രൂപകൽപന ചെയ്ത ക്യാമറയാണിത്. സമാന സംഭവം ഇതിനുമുൻപും സ്കൂളിൽ നടന്നതായി പരാതി നൽകിയ അധ്യാപിക ആരോപിച്ചു. മുൻപ് സ്കൂളിലെ ടോയ്ലെറ്റിൽ ഒളിക്യാമറ കണ്ടെത്തിയിരുന്നുവെന്നും ഇത് കോ ഓർഡിനേറ്ററായ പരുളിന് കൈമാറിയിരുന്നുവെന്നും അവർ പറഞ്ഞു. എന്നാൽ അന്നും യാതൊരു നടപടിയും അന്നും ഉണ്ടായില്ലെന്നാണ് അധ്യാപിക പൊലീസിനോട് പറഞ്ഞത്.

ENGLISH SUMMARY:

The school director was arrested by the police in connection with the incident of placing a hidden camera inside the bulb holder in the teachers' restroom