സിംഗിളില്‍ നിന്ന് മിംഗിള്‍ ആയാല്‍ ജീവനക്കാര്‍ക്ക് പണം നല്‍കുന്ന ഒരു കമ്പനിയാണ് സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കമ്പനിക്കൊരു ഒരു ഡേറ്റിങ് ആപ്പുണ്ട് ഇതില്‍ റജിസ്റ്റര്‍ ചെയ്താല്‍ ജീവനക്കാര്‍ക്ക് പണം ലഭിക്കും. രജിസ്റ്റര്‍ ചെയ്യുക മാത്രമല്ല ആപ്പ് വഴി പങ്കാളിയെ കണ്ടെത്തിയാല്‍ ഡേറ്റിങ്ങിനും ജീവനക്കാര്‍ക്ക് പണം നല്‍കുകയാണ് ഒരു ചൈനീസ് കമ്പനി.
ഡേറ്റിങ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ 66 യുവാന്‍, ഏകദേശം 770 രൂപ ജീവനക്കാര്‍ക്ക് ലഭിക്കും. കമ്പനിക്ക് പുറത്തുനിന്നുള്ള വ്യക്തികള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ജീവനക്കാരെ തിരഞ്ഞെടുക്കണം. ഇങ്ങനെ വരുന്ന ഓരോ പോസ്റ്റിനും ജീവനക്കാര്‍ക്ക് പണം ലഭിക്കും. ജീവനക്കാര്‍ ഈ ആപ്പിലൂടെ പങ്കാളിയെ കണ്ടെത്തുകയും ആ ബന്ധവുമായി മുന്നോട്ടുപോകുകയും ചെയ്താല്‍ ഇവര്‍ക്ക് ആയിരം യുവാന്‍, ഏകദേശം 11,700 രൂപ വീതം ലഭിക്കും.
ജെ.കെ ലിയു സ്ഥാപിച്ച ഇന്‍സ്റ്റ360 എന്ന കമ്പനിയിലാണ് ജീവനക്കാര്‍ക്ക് ഇങ്ങനെയൊരു അവസരമുള്ളത്. ഷെൻഷെനിലാണ് കമ്പനി ആസ്ഥാനം. ലോസ് ആഞ്ചലസ്, ടോക്കിയോ ബെര്‍ലിന്‍ എന്നിവിടങ്ങളിലും കമ്പനിയുടെ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നുമാസം മുന്‍പാണ് ഇന്‍സ്റ്റ360 ഇങ്ങനെയൊരു ആശയം കമ്പനിയില്‍ അവതരിപ്പിട്ടത്. ജീവനക്കാര്‍ സന്തോഷമായിരിക്കണം അവര്‍ സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും വേണം എന്ന ചിന്തയായിരുന്നു ഇതിനു പിന്നിലെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.
സൗത്ത് ചൈന മോണിങ് പോസ്റ്റില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം അഞ്ഞൂറിലധികം പോസ്റ്റുകള്‍ ഡേറ്റിങ് ആപ്പില്‍ വന്നിട്ടുണ്ട്. നവംബര്‍ 11, 2024 വരെ പതിനായിരം യുവാന്‍, ഏകദേശം 1,16,576 രൂപയോളം ആപ്പിലെ പോസ്റ്റുകള്‍ക്ക് ജീവനക്കാര്‍ കമ്പനിയില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ട്. ‘എന്‍റെ അമ്മയെക്കാള്‍ കരുതലാണ് ഇക്കാര്യത്തില്‍ കമ്പനിക്കുള്ളത്’ എന്നാണ് ഒരു ജീവനക്കാരന്‍ ഇതേക്കുറിച്ച് തമാശയായി പ്രതികരിച്ചത്.
സമൂഹമാധ്യമത്തിലും കമ്പനിയുടെ നൂതന ആശയം ശ്രദ്ധപിടിച്ചുപറ്റി. കമ്പനിയില്‍ ഒഴിവുണ്ടോയെന്നാണ് പലരും തിരക്കുന്നത്. സ്നേഹത്തെ പണം കൊണ്ട് അളക്കരുത് എന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. കമ്പനിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നു പറയുന്നവരുമുണ്ട്.