യുക്രെയ്നിനെ ലക്ഷ്യമിട്ട് ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ. മധ്യ- കിഴക്കൻ യുക്രേനിയൻ നഗരമായ ഡിനിപ്രോയെ ലക്ഷ്യമിട്ട് അസ്ട്രാഖാന്‍ മേഖലയില്‍ നിന്നാണ് റഷ്യ മിസൈല്‍ വിക്ഷേപിച്ചത്. റഷ്യ– യുക്രെയ്ന്‍ യുദ്ധത്തില്‍ ആദ്യമായാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉപയോഗിക്കുന്നത്. അതേസമയം യുക്രെയ്നില്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്നകാര്യത്തില്‍ വ്യക്തതവന്നിട്ടില്ല.
റഷ്യ മിസൈല്‍ ഉപയോഗിച്ചതായി യുക്രെയ്ന്‍ വ്യോമസേന തന്നെയാണ് അറിയിച്ചത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്‍റെ ആദ്യ സൈനിക ഉപയോഗമായിരിക്കും ഇതെന്ന് സുരക്ഷാ വിദഗ്ധർ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുക്രെയ്നിന്‍റെ പ്രസ്താവനയിൽ മിസൈൽ ഏതുതരമാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ആറ് Kh-101 ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഒന്നൊഴികെ ഇവയെല്ലാം യുക്രെയ്ന്‍ വ്യോമസേന തടഞ്ഞതായാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, RS-26 Rubezh മിസൈലാണ് റഷ്യ ഉപയോഗിച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആണവായുധങ്ങളും വഹിക്കാനും ഹൈപ്പർസോണിക് വേഗതയിൽ പറക്കാനും ഈ മിസൈലുകള്‍ക്ക് സാധിക്കും. 5,800 കിലോമീറ്റര്‍ ദൂരപരിധിയുമുണ്ട്. മറ്റ് ആയുധങ്ങളും ഇവയ്ക്ക് വഹിക്കാനാകും.
കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ക്രൂയീസ് മിസൈൽ ഉപയോഗിച്ച് റഷ്യയിലെ സൈനിക കേന്ദ്രങ്ങള്‍ യുക്രെയ്ന്‍ ആക്രമിച്ചിരുന്നു. റഷ്യ ഉത്തര കൊറിയൻ സൈനിക സഹായം തേടിയതിനാലാണ് സ്റ്റോം ഷാഡോ മിസൈൽ ഉപയോഗിക്കുന്നതിന് യുകെ അംഗീകാരം നൽകിയത്. യുഎസ് നിർമിച്ച ആർമി ടാക്ടിക്കൽ മിസൈൽ സംവിധാനം നിലവിൽ റഷ്യക്കുനേരെ യുക്രെയ്ൻ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, രണ്ട് ബ്രിട്ടീഷ് നിർമ്മിത സ്റ്റോം ഷാഡോ മിസൈലുകളും ആറ് ഹിമർസ് റോക്കറ്റുകളും 67 ഡ്രോണുകളും വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
റഷ്യയുടെ ആണവ നയങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള നിയമത്തിൽ കഴിഞ്ഞ ദിവസമാണ് പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ ഒപ്പുവെച്ചത്. ആണവായുധശേഷിയല്ലാത്ത ഒരു രാജ്യം ആണവശക്തിയായ മറ്റൊരു രാജ്യത്തിന്റെ പിന്തുണയോടെ റഷ്യക്കുനേരേ നടത്തുന്ന ആക്രമണം ‘സംയുക്ത ആക്രമണ’മായി കണക്കാക്കുെമന്നാണ് നയത്തിലെ പ്രധാനമാറ്റം. തങ്ങൾ നൽകിയ ആയുധങ്ങൾ പ്രയോഗിക്കാൻ യു.എസ്, യുക്രെയ്ന് അനുമതി നൽകിയതിനു പിന്നാലെയാണ് റഷ്യ ആണവ നയങ്ങളില്‍ മാറ്റം വരുത്തിയത്. ഇതോടെ ആയിരം ദിവസത്തോളമെത്തിയിരിക്കുന്ന യുക്രെയ്ന്‍– റഷ്യ യുദ്ധം ആണവ യുദ്ധത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയിലാണ് ലോകം.