കാന്‍സറിനെ തുരത്താന്‍ വാക്സീന്‍ വികസിപ്പിച്ചെടുത്ത് റഷ്യ. അടുത്ത വര്‍ഷം ആദ്യം മുതല്‍ തന്നെ രോഗബാധിതരായ റഷ്യന്‍ പൗരന്‍മാര്‍ക്ക് വാക്സീന്‍ സൗജന്യമായി വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 300,000 റൂബിള്‍ (ഏകദേശം രണ്ട് ലക്ഷത്തി നാല്‍പത്തിനാലായിരത്തോളം രൂപ) ആണ് ഓരോ ഡോസ് വാക്സീനുമായി സര്‍ക്കാരിന് ചെലവാകുക.

കാന്‍സര്‍ രോഗികളുടെ എണ്ണം ലോകത്താകമാനം അനുദിനം വര്‍ധിച്ചു വരുന്നതിനാല്‍ തന്നെ ചികില്‍സാരംഗത്ത് വിപ്ലവകരമായ മാറ്റമാകും വാക്സീന്‍ കൊണ്ടുവരിക. സാധാരണ വാക്സീനുകള്‍ രോഗത്തെ പ്രതിരോധിക്കുമ്പോള്‍ രോഗികളിലെ ചികില്‍സയ്ക്കാണ് ഈ വാക്സീന്‍ ഉപയോഗിക്കുക. ശരീരത്തിലുള്ള കാന്‍സര്‍ കോശങ്ങളെ നീക്കാനാകും വാക്സീന്‍ സഹായിക്കുക. ഓരോ രോഗിയുടെ രോഗാവസ്ഥയ്ക്കും അനുസരിച്ചാകും വാക്സീന്‍ തയ്യാറാക്കുക. വ്യക്തികളുടെ ശരീരിക പ്രത്യേകതകള്‍ കണക്കിലെടുത്ത് വാക്സീന്‍ തയ്യാറാക്കുന്നതിനായും വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനായും എഐ സഹായവും ശാസ്ത്രജ്ഞര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെയാണ് ന്യൂറല്‍ നെറ്റ്​വര്‍ക്കിന്‍റെ സഹായത്തോടെ  വാക്സീന്‍ വികസിപ്പിക്കാന്‍ വേണ്ടി വരുന്ന സമയമെന്ന് ഗമാലിയ നാഷണല്‍ റിസര്‍ച്ച് സെന്‍റര്‍ ഡയറക്ടറായ അലക്സാണ്ടന്‍ ഗിന്‍റ്സ്ബര്‍ഗ് പറഞ്ഞു.

2022ലെ കണക്കനുസരിച്ച് 635,000 കാന്‍സര്‍ രോഗികളാണ് റഷ്യയില്‍ ഉണ്ടായിരുന്നത്. ഇതില്‍ തന്നെ മലാശയ, സ്തനാര്‍ബുദ, ശ്വാസകോശങ്ങളായിരുന്നു അധികം പേര്‍ക്കും. വാക്സീനെത്തുന്നതോടെ രോഗികള്‍ക്ക് വലിയ ആശ്വാസമാകുമെന്നും കാന്‍സര്‍ ചികില്‍സാരംഗത്ത് റഷ്യയ്ക്ക് നിര്‍ണായക നേട്ടമാകുമെന്നും സര്‍ക്കാര്‍വൃത്തങ്ങളും പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

യുഎസില്‍ ഫ്ലോറിഡ സര്‍വകലാശാലയിലെ ഗവേഷകര്‍ സമാനമായ വാക്സീന്‍ വികസിപ്പിച്ചെടുത്തിരുന്നു. 48 മണിക്കൂറിനുള്ളില്‍ തന്നെ ഇതിന്‍റെ ഫലം കണ്ടുതുടങ്ങിയിരുന്നതായും ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടിരുന്നു. അതേമയം ത്വക് കാന്‍സറിനെ ചികില്‍സിക്കാനായി വികസിപ്പിച്ചെടുത്ത വാക്സീന‍് പരീക്ഷിക്കുകയാണ് ബ്രിട്ടന്‍.

വാക്സീന്‍ എത്രമാത്രം രോഗികളില്‍ ഫലപ്രദമാകുമെന്നതും എല്ലാത്തരം കാന്‍സറുകളെയും വാക്സീന്‍ കൊണ്ട് ഭേദമാക്കാനാകുമോ എന്നതും പരീക്ഷിച്ച് അറിയേണ്ടതാണ്. എന്നിരുന്നാലും വാക്സീന്‍ കണ്ടുപിടിത്തം ചികില്‍സയില്‍ നിര്‍ണായകമാവുക തന്നെ ചെയ്യും. രോഗികള്‍ക്ക് സൗജന്യമായി വാക്സീന്‍ നല്‍കുന്നതിലൂടെ കാന്‍സര്‍ ചികില്‍സയിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ഭാരത്തെ ലഘൂകരിക്കുകയാണ് റഷ്യ ചെയ്യുന്നത്.

ENGLISH SUMMARY:

In a groundbreaking announcement, Russia has revealed the development of an mRNA cancer vaccine designed to treat patients. Free distribution to begin in 2025.