മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമര്‍ശനവുമായി ഉമ തോമസ് എംഎല്‍എ. കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ താന്‍ വീണ് പരുക്കേറ്റശേഷവും മന്ത്രി  പരിപാടിയില്‍ തുടര്‍ന്നു. അപകടത്തിനുശേഷമുണ്ടായ സമീപനം സംസ്കാരികമന്ത്രിക്ക് സംസ്കാരമുണ്ടോ എന്ന സംശയമുണ്ടാക്കി. അഴയിലിട്ട തുണി താഴെ വീണ ലാഘവത്വത്തോടെയാണ് വീഴ്ചയ്ക്ക് ശേഷം പലരും സ്വന്തം സീറ്റുകളില്‍പോയിരുന്ന് പരിപാടിയില്‍ പങ്കെടുത്തത്. എന്തു സംഭവിച്ചുവെന്ന് അന്വേഷിക്കാന്‍ പോലും മന്ത്രിയുള്‍പ്പെടെയുള്ളവര്‍ തയാറായില്ലെന്നും ഉമ തോമസ് പറഞ്ഞു.  മനോരമ ന്യൂസ് നേരേ ചൊവ്വേയിലാണ്   ഉമ തോമസിന്‍റെ പ്രതികരണം . അപകടമുണ്ടായ ശേഷം  ഉമ തോമസ് നല്‍കുന്ന ആദ്യ അഭിമുഖമാണിത്.

കുട്ടികള്‍ മണ്ണപ്പം ഉണ്ടാക്കുന്നതുപോലെയാണ് കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിക്ക് സ്റ്റേജുണ്ടാക്കിയതെന്ന് ഉമ തോമസ് എംഎല്‍എ. ബാരിക്കേഡിന് മുകളിലായിരുന്നു സ്റ്റേജ് നിര്‍മാണം. ജിസിഡിഎയ്ക്കും പൊലീസിനും ക്ലീന്‍ ചിറ്റ് നല്‍കി കുഴപ്പം സംഘാടകരുടെ മാത്രമാക്കി മാറ്റുകയാണ്. കരാര്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കണമെന്നും നേരേ ചൊവ്വേയില്‍‌ ഉമ ആവശ്യപ്പെട്ടു. 

കലൂര്‍ അപകടത്തിനുശേഷം നടി ദിവ്യ ഉണ്ണി ഉത്തരവാദിത്തം കാട്ടിയില്ലെന്ന്  ഉമ തോമസ് എംഎല്‍എ. തക്ക സമയത്ത് വിളിക്കാന്‍ പോലും ദിവ്യ തയ്യാറായില്ല. ഒരു ഖേദപ്രകടനമെങ്കിലും പ്രതീക്ഷിച്ചു.  മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട ദിവ്യയെപ്പോലുള്ളവര്‍ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ മറക്കരുതെന്നും ഉമ തോമസ് ഓര്‍മിപ്പിച്ചു

ENGLISH SUMMARY:

MLA Uma Thomas has sharply criticized Minister Saji Cheriyan regarding his actions following the Kaloor Stadium accident.