കടുത്ത സാമ്പത്തിക പരാധീനതകളെ തുടര്‍ന്ന് രണ്ടുമക്കളെ താന്‍ ദത്ത് നല്‍കിയെന്നും അവരെ ഒരിക്കല്‍ കൂടി കാണാന്‍ ആഗ്രഹമുണ്ടെന്നും വെളിപ്പെടുത്തി 32കാരിയായ യുവതി. ജീവിതം മുന്നോട്ട് പോകാത്തൊരു ഘട്ടത്തിലാണ് താന്‍ മക്കളെ ദത്ത് നല്‍കുകയെന്ന കഠിനമായ തീരുമാനം കൈക്കൊണ്ടതെന്നും യുഎസ് പൗരയായ ഹന്ന മാര്‍ട്ടിന്‍ പറയുന്നു. മൂന്ന് കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് ഹന്ന നിലവില്‍ ജീവിക്കുന്നത്.
19 വയസുമാത്രം പ്രായമുള്ളപ്പോഴാണ് ഹന്നയ്ക്ക് ആദ്യത്തെ മകള്‍ ജനിച്ചത്. അഡ്രിയാനയെന്ന് പേരിട്ട മകള്‍ക്ക് ഒന്നരമാസം മാത്രം പ്രായമുള്ളപ്പോള്‍ കുട്ടി തന്‍റേതല്ലെന്ന് പറഞ്ഞ് ഹന്നയുടെ കാമുകന്‍ ഉപേക്ഷിച്ച് പോയി. ആലംബമില്ലാതായതോടെ 2011 ല്‍ അഡ്രിയാനയെ ദത്തുനല്‍കി. 21–ാം വയസില്‍ ഹന്നയ്ക്ക് ഒരു മകന്‍ ജനിച്ചു. ഈ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് രണ്ടാമത്തെ കുട്ടിയെയും ഹന്ന ദത്തുനല്‍കി.
ഇതിന് േശഷം മൂന്ന് മക്കളാണ് ഹന്നയ്ക്കുണ്ടായത്. തനിച്ചാണ് ഹന്ന മൂന്ന് മക്കളെയും വളര്‍ത്തുന്നത്. നൊന്തു പ്രസവിച്ച ശേഷം ദത്തുനല്‍കുന്നത് ഹൃദയം തകര്‍ക്കുന്ന അനുഭവമാണെന്നും എന്നാല്‍ അവര്‍ സന്തോഷമായി എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുവെന്നതില്‍ സമാധാനമുണ്ടെന്നും ഹന്ന പറയുന്നു. ടെയ്ലറെയും അഡ്രിയാനയെയും കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും പക്ഷേ അവരെ തിരിച്ചറിയാനുള്ള ഒരു ചിത്രം പോലും തന്‍റെ പക്കലില്ലെന്നും ഹന്ന കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം, ഹന്നയുടെ ജീവിതകഥയ്ക്കെതിരെ സമ്മിശ്ര പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഹന്നയെ പോലെയുള്ളവര്‍ക്ക് തല ഉയര്‍ത്തി ജീവിക്കാനാവശ്യമായ ചുറ്റുപാടുകള്‍ ഒരുക്കി നല്‍കണമെന്ന് ചിലരും, ആദ്യത്തെ കുട്ടിക്ക് പിന്നാലെ രണ്ടാത്തെ കുട്ടിയെയും ദത്ത് നല്‍കിയിട്ടും വീണ്ടും മൂന്ന് മക്കളെ കൂടി പ്രസവിക്കാന്‍ ഹന്നയെടുത്ത തീരുമാനം ശരിയായില്ലെന്ന് ചിലരും കുറിക്കുന്നു.
150 യുഎസ് ഡോളറിന് നവജാത ശിശുവിനെ വില്‍ക്കാന്‍ യുവതി ഫെയ്സ്ബുക്കില്‍ പരസ്യം ചെയ്തത് വിവാദമായതിന് പിന്നാലെയാണ് ഹന്നയുടെ ജീവിത കഥയും പുറത്തുവരുന്നത്. ടെക്സസ് സ്വദേശിനിയാണ് നവംബര്‍ ആദ്യം കുഞ്ഞിനെ ഓണ്‍ലൈനിലൂടെ വില്‍ക്കാന്‍ ശ്രമിച്ചത്. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.