ഹിസ്ബുല്ലയും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തുമെന്ന വാര്‍ത്തകള്‍ക്കിടെ ബെയ്റൂട്ടിന്‍റെ തെക്കന്‍ മേഖലകളില്‍ ഇസ്രയേലി സൈന്യത്തിന്‍റെ ശക്തമായ ആക്രമണം. രണ്ട് മിനിറ്റിനുള്ളിൽ ഇസ്രായേൽ സൈന്യം 20 തവണ ബോംബാക്രമണം നടത്തി.
രണ്ട് മാസം മുന്‍പ് ഹിസ്ബുല്ലയുമായി കരയുദ്ധം ആരംഭിച്ചതിന് ശേഷം ലെബനീസ് തലസ്ഥാനത്തിന് സമീപം നടത്തുന്ന ഏറ്റവും തീവ്രമായ ബോംബാക്രമണമാണിത്. ഹിസ്ബുല്ലയുടെ ഭരണകേന്ദ്രങ്ങളും പണം സൂക്ഷിപ്പ് കേന്ദ്രങ്ങളുമാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞു.
ഏകദേശം 10 ലക്ഷത്തോളം പേര്‍ താമസിക്കുന്ന പ്രദേശമാണെങ്കിലും സെപ്റ്റംബർ 27-ന് ആക്രമണം ആരംഭിച്ചതു മുതൽ മേഖലയില്‍ നിന്നും വലിയതോതില്‍ ഒഴിപ്പിക്കല്‍ നടന്നിരുന്നു. അതേസമയം ലെബനനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്യാനും വോട്ടെടുപ്പിനുമുള്ള ഇസ്രയേല്‍ മന്ത്രിസഭാ യോഗം വൈകുന്നുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേല്‍ സമയം വൈകീട്ട് നാലിന് നിശ്ചയിച്ചിരുന്ന ഇസ്രായേൽ മന്ത്രിസഭാ യോഗം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ വക്താവ് സിഎൻഎന്നിനോട് പറഞ്ഞത്. അതേസമയം പ്രാദേശിക സമയം എട്ട് മണിക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാധ്യമങ്ങളെ കാണും.
ചര്‍ച്ചകള്‍ ഒരു ഭാഗത്ത് നടക്കവെ ആക്രമണം ശക്തമാക്കുകയാണ് ഇസ്രയേല്‍ സൈന്യം. ബെയ്‌റൂട്ടിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള തിരക്കേറിയ വാണിജ്യ കേന്ദ്രം ഉള്‍പ്പെടുന്ന ഇടങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടു.
സാധാരണയായ ആക്രമണങ്ങള്‍ക്ക് മുന്നോടിയായാണ് ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കുന്നത്. ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ വിവിധയിടങ്ങളില്‍ നിന്നും പലയാനം ചെയ്ത ലക്ഷക്കണക്കിന് പേര്‍ ഈ ഭാഗങ്ങളില്‍ അഭയം തേടിയിട്ടുണ്ട്.