magical-pregnancy-nigeria

നൈജീരിയ. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്ന്. സ്ത്രീയാണെങ്കില്‍ ഇവിടെ കുഞ്ഞുവേണം. അല്ലെങ്കില്‍ ക്രൂരമായ പരിഹാസവും ഒറ്റപ്പെടുത്തലും മാനസിക പീഡനവും ഉറപ്പ്. ഈ സമ്മര്‍ദം, എങ്ങനെയെങ്കിലും ഒന്നുപ്രസവിച്ചാല്‍ മതി എന്ന മാനസികാവസ്ഥയിലേക്കാണ് ഇവിടത്തെ വിവാഹിതരായ സ്ത്രീകളെ എത്തിക്കുന്നത്. എന്നാല്‍ പുരുഷന്‍റെയോ സ്ത്രീയുടെയോ ആരോഗ്യപ്രശ്നങ്ങള്‍ കാരണം പലര്‍ക്കും ഗര്‍ഭധാരണം സാധ്യമായിക്കൊള്ളണമെന്നില്ല. മിക്കയാളുകള്‍ക്കും ഈ അവസ്ഥ പേടിസ്വപ്നമാണ്. കുട്ടികളില്ലാത്തതിന്‍റെ പേരില്‍ കുത്തുവാക്ക് കേട്ടുമടുത്ത പലരും ഗര്‍ഭധാരണത്തിന് എന്ത് ചികില്‍സയും സ്വീകരിക്കാന്‍ തയാറാകും. ആ മനോനിലയില്‍ നില്‍ക്കുന്നവരെ തേടിവരുന്ന ചതിക്കുഴിയാണ് ‘മാന്ത്രിക ഗര്‍ഭധാരണം’. ഇതേപ്പറ്റി ബിബിസി ഒരുവര്‍ഷത്തോളം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.

 

നൈജീരിയയിലെ അനാംബ്ര സംസ്ഥാനത്തെ വനിതാക്ഷേമ കമ്മിഷണര്‍ ഇഫി ഒബിനാബോയുടെ ഓഫിസില്‍ ഒരു തെളിവെടുപ്പ് നടക്കുകയാണ്. ഒരു കുഞ്ഞുമായി ദമ്പതികള്‍ ഇരിക്കുന്നു. കുട്ടി അവരുടേതല്ലെന്നുപറഞ്ഞ് ചില ബന്ധുക്കളും ഒപ്പമുണ്ട്. പ്രസവം എങ്ങനെയായിരുന്നു എന്ന് കമ്മിഷണറുടെ ചോദ്യം. ‘ഇടുപ്പിന് ഒരു മരുന്ന് കുത്തിവച്ചു. അപ്പോള്‍ മയക്കം പോലെ തോന്നി. അയാള്‍ (ഡോക്ടര്‍) എന്നോട് പുഷ് ചെയ്യാന്‍ പറഞ്ഞു. ഓര്‍മ വന്നപ്പോള്‍ കുഞ്ഞ് അരികിലുണ്ടായിരുന്നു.’ – അമ്മ മറുപടി നല്‍കി. ഡിഎന്‍എ ടെസ്റ്റ് ചെയ്തില്ലേ എന്ന് ചോദിച്ചപ്പോള്‍ ടെസ്റ്റ് ആദ്യം നെഗറ്റിവ് ആയിരിക്കും, പിന്നീട് ശരിയാകും എന്നാണ് ഡോക്ടര്‍ പറഞ്ഞത് എന്ന് മറുപടി.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. നൈജീരിയയുടെ പല ഭാഗങ്ങളില്‍ ഇതുപോലെ ‘മാന്ത്രിക ഗര്‍ഭധാരണം’ നടത്തുന്ന അനേകം ‘ഡോക്ടര്‍’മാരും ‘നഴ്സു’മാരും ഉണ്ട്. അനാംബ്രയില്‍ ഡോക്ടര്‍ റുത്ത് എന്ന പേരില്‍ അത്തരമൊരു ക്ലിനിക് നടത്തുന്ന സ്ത്രീയുടെ അരികില്‍ ബിബിസി സംഘമെത്തി. ലാബ് ടെസ്റ്റുകളില്ല, മറ്റ് പരിശോധനകളില്ല. ഒരു കുത്തിവയ്പ്പെടുക്കണം, അത്രമാത്രം. അതുവേണ്ടെന്ന് ദമ്പതികളായി അഭിനയിച്ചെത്തിയ ബിബിസി റിപ്പോര്‍ട്ടര്‍മാര്‍ പ്രതികരിച്ചു. ഉടന്‍ ചില ഗുളികകള്‍ പൊടിച്ചതും ഒരു ലായനിയും കൊടുത്തു. അത് കഴിക്കേണ്ട രീതിയും തുടര്‍ന്ന ശാരീരികബന്ധത്തിനുള്ള സമയവുമടക്കം ‘ഡോക്ടര്‍’ നിര്‍ദേശിച്ചു. പ്രാഥമിക ചികില്‍സയ്ക്ക് മൂന്നരലക്ഷം നയാര (നൈജീരിയന്‍ കറന്‍സി) അഥവാ 17,350 രൂപ വാങ്ങി. അള്‍ട്രാ സൗണ്ട് സ്കാനോ മറ്റെന്തെങ്കിലും പരിശോധനയോ നടത്തരുത് എന്ന് കര്‍ശന നിര്‍ദേശവും.

chid-birth

നാലാഴ്ച കഴിഞ്ഞ് റിപ്പോര്‍ട്ടര്‍ വീണ്ടും ക്ലിനിക്കിലെത്തി. അള്‍ട്രാസൗണ്ട് സ്കാനിങ് യന്ത്രം പോലെ ഒരു ഉപകരണം വയറ്റില്‍ വച്ച് പരിശോധിച്ചു. പിന്നെ ആഹ്ലാദം നിറഞ്ഞ സ്വരത്തില്‍ ‘സക്സസ്...നിങ്ങള്‍ ഗര്‍ഭിണിയാണ്’ എന്നൊരു പ്രഖ്യാപനവും. റിപ്പോര്‍ട്ടറും സന്തോഷം അഭിനയിച്ച് പുറത്തിറങ്ങി. അവിടെ വീര്‍ത്ത വയറുമായി കാത്തിരുന്ന മറ്റ് സ്ത്രീകളോട് സംസാരിച്ചപ്പോഴാണ് ശരിക്കും നടുങ്ങിയത്. കുത്തിവയ്പ്പെടുത്തശേഷമാണ് എല്ലാവരുടെയും വയര്‍ വീര്‍ത്തത്. ആരെയും മറ്റ് പരിശോധനകള്‍ക്ക് അനുവദിച്ചിരുന്നില്ല. പ്രസവസമയം ഡോക്ടര്‍ പറയും. അപ്പോള്‍ കൂടുതല്‍ പണം കൊടുത്താല്‍ മറ്റൊരു കുത്തിവയ്പ്പെടുക്കും. ചിലര്‍ക്ക് മയക്കം വരും മറ്റുചിലര്‍ക്ക് വിഭ്രാന്തി പോലെ അനുഭവപ്പെടും. ബോധം തെളിയുമ്പോള്‍ കുട്ടി അരികിലുണ്ടാകും. ഓരോന്നിനും വന്‍തുക വാങ്ങും.

ഗര്‍ഭധാരണവും പ്രസവവും സംബന്ധിച്ച് ശാസ്ത്രം തെളിയിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും അട്ടിമറിച്ചാണ് നൈജീരിയയിലെ വ്യാജന്മാര്‍ മാന്ത്രിക ഗര്‍ഭധാരണം സംഘടിപ്പിക്കുന്നത്. ‘ഗര്‍ഭം’ ധരിച്ചശേഷവും ആര്‍ത്തവം തടസപ്പെടുന്നില്ല എന്നകാര്യം പോലും വിദ്യാസമ്പന്നരടക്കമുള്ളവര്‍ ചോദ്യംചെയ്യുന്നില്ല. കുട്ടി എങ്ങനെ കിട്ടുന്നു എന്ന അന്വേഷണത്തിനൊടുവിലാണ് നടുക്കുന്ന മറ്റൊരു സത്യം വെളിച്ചത്തുവന്നത്. ഈ കുട്ടികളെയെല്ലാം ഏജന്റുമാര്‍ വിലകൊടുത്ത് വാങ്ങുന്നതാണ്. അതിനും വലിയ റാക്കറ്റുണ്ട്. ചുവന്നതെരുവുകളില്‍ നിന്നാണ് ഇവര്‍ കുട്ടികളെ കണ്ടെത്തുന്നത്. ഇവിടെ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകുമ്പോള്‍ ഏജന്‍റുമാര്‍ നോട്ടമിടും. ആറുമാസം ഗര്‍ഭിണിയായിക്കഴിഞ്ഞാല്‍ പണം വാഗ്ദാനം ചെയ്യും. സമ്മതിക്കുന്നവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും. പ്രസവം കഴിഞ്ഞ് പണം നല്‍കി കുട്ടിയെ ഏജന്‍റുമാര്‍ കൊണ്ടുപോകും. ഈ ദിവസം നോക്കിയായിരിക്കും മാന്ത്രിക ഗര്‍ഭധാരണം നടത്തുന്ന ഡോക്ടര്‍ ഇടപാടുകാരുടെ പ്രസവത്തീയതി നിശ്ചയിക്കുക. കുത്തിവച്ച് മയക്കിയശേഷം കുഞ്ഞിനെ അരികെക്കിടത്തി സ്വന്തം കുഞ്ഞാണെന്ന് വിശ്വസിപ്പിക്കും. 

ruth

വ്യാജ ചികിത്സ നടത്തിയ റൂത്ത് എന്ന സ്ത്രീ.

പൊലീസും സാമൂഹ്യക്ഷേമവകുപ്പ് അധികൃതരും ചേര്‍ന്ന് നടത്തിയ റെയ്ഡുകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയടക്കം ഗര്‍ഭിണികളായ നിലയില്‍ ചുവന്ന തെരുവുകളില്‍ നിന്ന് മോചിപ്പിച്ചിരുന്നു. എന്നാല്‍ വളരെ സംഘടിതമായ റാക്കറ്റുകളെ പൂട്ടാന്‍ ഇനിയും സാധിച്ചിട്ടില്ല. നൈജീരിയയിലെ സാമൂഹ്യസാഹചര്യമാണ് ഈ രണ്ട് കുറ്റകൃത്യങ്ങള്‍ക്കും വളക്കൂറുള്ള മണ്ണാകുന്നത്. പ്രസവിക്കാന്‍ സ്ത്രീകള്‍ക്കുമേലുള്ള സമ്മര്‍ദവും അതുവച്ച് പണമുണ്ടാക്കുന്ന ക്രിമിനല്‍ കൂട്ടങ്ങളും. ഇത് നൈജീരിയയില്‍ മാത്രം ഒതുങ്ങുന്നില്ല. ബിബിസി അന്വേഷണത്തില്‍ ദക്ഷിണാഫ്രിക്കയിലും കരീബിയന്‍ രാജ്യങ്ങളിലുമടക്കം ഇത്തരം കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്നുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഇത്തരം തട്ടിപ്പുകളില്‍ നിന്ന് മുക്തമല്ല എന്നത് മറ്റൊരു യാഥാര്‍ഥ്യം.

ENGLISH SUMMARY:

In Nigeria, societal pressure on women to conceive leads to widespread exploitation through "miracle pregnancies," a fraudulent practice uncovered by a year-long BBC investigation. Women desperate for children are duped by fake doctors offering injections or pills that cause abdominal swelling, followed by staged "births" with babies obtained through criminal networks. These babies are often bought from sex workers coerced into giving up their children in exchange for money. Despite police raids and rescues, organized rackets behind these operations remain largely intact. Similar scams have also been reported in South Africa, the Caribbean, and even countries like India, highlighting a global issue of exploitation rooted in societal pressures and criminal greed.