കാനഡയില്‍ ജീവനക്കാരന്‍ അബദ്ധത്തിൽ ഹൈഡ്രോളിക് ഡോർ പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് മൃഗശാലയിലെ ഗൊറില്ലയ്ക്ക് ദാരുണാന്ത്യം. ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് നവംബർ 12ന് ആൽബർട്ടയിലെ കാൽഗറി മൃഗശാലയിലാണ് സംഭവം. 2 വയസ്സുള്ള വെസ്റ്റേൺ ലോലാൻഡ് ഗൊറില്ലയായ ‘ഇയാരെ’യാണ് ചത്തത്.
കൂട്ടത്തോടൊപ്പം കൂടുകളില്‍ ഒന്നില്‍ കിടക്കുകയായിരുന്നു ഗൊറില്ലയെ ജീവനക്കാരില്‍ ഒരാള്‍ പരിശീലനത്തിനായി മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ജീവനക്കാരന്‍ തെറ്റായ വാതില്‍ പ്രവര്‍ത്തിപ്പിച്ചു. ഗൊറില്ലയുടെ തലയില്‍ വാതില്‍ ഇടിക്കുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. വെറ്ററിനറി ടീം ഉടൻ തന്നെ സിപിആർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ നടപടികൾ കൈക്കൊണ്ടെങ്കിലും ഫലം കണ്ടില്ല.
ദുരന്തം തങ്ങളെ ചിന്തിക്കുന്നതിനും അപ്പുറം വേദനിപ്പിക്കുന്നതായി മൃഗശാല പ്രസ്താവനയില്‍ പറഞ്ഞു. ‘ഇയാരെ’യുടെ സാന്നിധ്യം എപ്പോളും സന്തോഷം നല്‍കുന്നതായിരുന്നു. എല്ലാവരും അവളെ വല്ലാതെ മിസ്സ് ചെയ്യും. ഭാവിയില്‍ ഇത്തരം സംഭവങ്ങൾ തടയാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും, മൃഗശാല അധികൃതര്‍ പറഞ്ഞു. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ജീവനക്കാരനെ ജോലിസ്ഥലത്ത് നിന്ന് മറ്റൊരു പ്രദേശത്തേക്ക് മാറ്റാന്‍ തീരുമാനമായിട്ടുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജീവനക്കാർക്ക് പരിശീലനം നല്‍കുമെന്നും ഹൈഡ്രോളിക് വാതിലുകൾക്ക് സുരക്ഷിതമായ ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നതായും മൃഗശാല അറിയിച്ചു.
സംഭവത്തില്‍ അനിമൽ ജസ്റ്റിസ് എന്ന സംഘടന സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് മൃഗശാലകളെ അപേക്ഷിച്ച് കാൽഗറി മൃഗശാലയിൽ മൃഗങ്ങളുടെ മരണനിരക്ക് കൂടുതലാണെന്നാണ് സംഘടന പറയുന്നത്. എന്നിരുന്നാലും, കാൽഗറി മൃഗശാല ഈ അവകാശവാദം നിഷേധിച്ചു.
കൃത്യമായി പ്രവർത്തന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നാണ് മൃഗശാല അറിയിച്ചത്. തങ്ങളുടെ മൃഗശാലയെ വീടെന്ന് അഭിസംബോധന ചെയ്ത അധികൃതര്‍ 100ലധികം സ്പീഷിസുകളിലെ 4,000-ലധികം മൃഗങ്ങള്‍ ഇവിടെയുണ്ടെന്നും അവരെ ഞങ്ങള്‍ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ടെന്നും പറഞ്ഞു. മനുഷ്യന്‍റെ പിഴവ് മൂലമുണ്ടാകുന്ന മൃഗങ്ങളുടെ മരണങ്ങൾ അസാധാരണമാംവിധം അപൂർവമാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇത്തരം രണ്ട് നഷ്ടങ്ങളാണ് തങ്ങള്‍ക്കുണ്ടായതെന്നും മൃഗശാലയുടെ വക്താവ് സിഎന്‍എന്നിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.