Instagram/rosannapansino

മരിച്ചുപോയ അച്ഛന്‍റെ ചിതാഭസ്മം ഇട്ട് വളര്‍ത്തിയ കഞ്ചാവ് വലിച്ചതിന് ന്യായീകരിച്ച് മകള്‍. ഒന്നരക്കോടിയോളം ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ താരം റൊസന്ന പാൻസിനോയാണ് പിതാവിനെ ‘ആദരി’ക്കാന്‍ വിചിത്രമായ വഴി കണ്ടെത്തിയത്. സ്വന്തം പോഡ്‍കാസ്റ്റിലാണ് റോസന്ന ഇക്കാര്യം തുറന്നു പറഞ്ഞത്. പിതാവിന്‍റെ ആഗ്രഹമായിരുന്നു ഇതെന്നാണ് ന്യായീകരണം. സംഗതി ഇതിനകം സോഷ്യല്‍ ലോകത്ത് വൈറലാണ്.

‘സ്മോക്കിംഗ് മൈ ഡെഡ് ഡാഡ്’ എന്നാണ് 54 മിനിറ്റുള്ള പോഡ്കാസ്റ്റ് എപ്പിസോഡിന് റോസന്ന നല്‍കിയ പേര്. രക്താർബുദം ബാധിച്ച് 2019 ഡിസംബറിലായിരുന്നു റോസന്നയുടെ പിതാവിന്‍റെ മരണം. മരിക്കുന്നതിന് മുന്‍പ് പിതാവ് തന്‍റെ ചിതാഭസ്മം എന്തുചെയ്യണമെന്ന് തന്നോടും അമ്മയോടും പറഞ്ഞതായി റോസന്ന പറയുന്നു. ‘ആദ്യം അൽപ്പം മടിച്ചു. എന്നാൽ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അച്ഛന്‍ ആഗ്രഹിച്ചതുപോലെ ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തെ ബഹുമാനിക്കുന്നതിന് തുല്യമാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം നടപ്പാക്കുന്നത്’ റോസന്ന പറയുന്നു. റോസന്നയുടെ അമ്മയും സഹോദരിയും പോഡ്കാസ്റ്റില്‍ ഒപ്പമുണ്ടായിരുന്നു.

‘അദ്ദേഹം എന്‍റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന്‍റെ വേര്‍പാട് പ്രതീക്ഷിച്ചിരുന്നില്ല. കാലം കടന്നുപോകുമ്പോള്‍ ആ മുറിവ് ഉണങ്ങുമെന്ന് ഞാന്‍ കരുതി. പക്ഷേ ആ സങ്കടം ഇന്നും എന്നോടൊപ്പമുണ്ട്. എക്കാലവും അതുണ്ടാകും’ റോസന്ന പറഞ്ഞു. തന്‍റെ 18-ാം ജന്മദിനത്തിൽ ഒരുമിച്ച് സിഗററ്റ് വലിച്ച അനുഭവവും റോസന്ന പോ‍ഡ്കാസ്റ്റിലൂടെ പങ്കുവച്ചു. ‘ഞാൻ എന്‍റെ അച്ഛനെപ്പോലെയാണെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം ഇവിടെയെല്ലാം പാറിപ്പറക്കുന്ന പൂമ്പാറ്റപോലെയായിരുന്നു. ജീവിതത്തെ ബഹുമാനിക്കാനും പാഴാക്കാതിരിക്കാനും അദ്ദേഹം എന്നെ പഠിപ്പിച്ചു. അദ്ദേഹത്തിന്‍റെ കാല്‍പ്പാടുകള്‍ ഞാന്‍ പിന്തുടരും’ റോസന്ന കൂട്ടിച്ചേര്‍ത്തു.

2010 ലാണ് ‘നെർഡി നുമ്മീസ്’ എന്ന പേരില്‍ റോസന്ന യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. വൈകാതെ വളരെയേറെ ഫോളോവേഴ്സുള്ള സെലിബ്രിറ്റിയായി റോസന്ന മാറി. സ്കൂള്‍ കാലത്തുണ്ടായിരുന്ന ഡിസ്‌ലെക്‌സിയ എന്ന അവസ്ഥയെ കുറിച്ചും അതുമൂലം താന്‍ നേരിട്ട കളിയാക്കലുകളെക്കുറിച്ചും പോഡ്‌കാസ്റ്റില്‍ റോസന്ന പറഞ്ഞിട്ടുണ്ട്. തന്‍റെ ഫോളോവേഴ്സിനെ വിപ്ലവകാരികള്‍ എന്നാണ് റോസന്ന വിശേഷിപ്പിക്കുന്നത്. 

ENGLISH SUMMARY:

As a tribute to her late father, a daughter smoked marijuana grown using his cremation ashes. Rosanna Pansino, an American social media star with over 14.6 million followers, found this unique way to honor her father. Rosanna shared the story on her podcast, revealing that it was her father’s wish. The act has since gone viral on social media, sparking widespread discussions.