പാരീസിലെ ലോക പ്രശസ്തമായ നോത്രദാം പള്ളിയുടെ നവീകരണം പൂര്‍ത്തിയായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഗ്‌നിക്കിരയായ പളളി 7463 കോടി രൂപ ചെലവാക്കിയാണ് പുനര്‍നിര്‍മിച്ചിരിക്കുന്നത്. പ്രധാന അൾത്താരയുടെ കൂദാശ ഡിസംബർ ഏഴിനു നടക്കും. അന്ന് മുതല്‍ തന്നെ തീര്‍ത്ഥാടകര്‍ക്കായി പളളി തുറന്നുകൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ഏപ്രിൽ 15നാണ് പളളിയില്‍ തീപിടുത്തമുണ്ടായത്.
തീപിടുത്തത്തില്‍ പളളിയുടെ മേല്‍ക്കൂരയുടെ ഒരു ഭാഗം കത്തിയമര്‍ന്ന് ഉളളിലേക്ക് വീണ് നല്ലൊരു ഭാഗം നശിച്ചിരുന്നു. ഏകദേശം 24 മണിക്കൂറിലേറെ സമയമെടുത്താണ് തീയണയ്ക്കാനായത്. തുടര്‍ന്ന് ആരംഭിച്ച് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് 5 വര്‍ഷങ്ങള്‍ക്കിപ്പുറം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പളളി പുതുക്കിപ്പണിതപ്പോഴും പഴയ അതേ തനിമ നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. 12–ാം നൂറ്റാണ്ടിൽ ഗോഥിക് വാസ്തുശിൽപ ശൈലിയിലാണ് നോത്രദാം പളളി നിര്‍മിച്ചിരുന്നത്.
പളളിയുടെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ ദിവസവും 1300 തൊഴിലാളികള്‍ പങ്കുചേര്‍ന്നിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ പളളിയിലെത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. ഡിസംബര്‍ ഏഴിന് നടക്കുന്ന ചടങ്ങില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ ഒട്ടേറെ രാഷ്ട്രത്തലവന്മാര്‍ എത്തുന്നുണ്ട്.