Photo: AFP

TOPICS COVERED

ഭിത്തിയില്‍ ടേപ്പുകൊണ്ട് ഒട്ടിച്ചുവച്ച ഒരു വാഴപ്പഴം! ആ വാഴപ്പഴത്തിന്‍റെ വില 52.4 കോടി രൂപ. കൊച്ചി ബിനാലെയിലൊക്കെ കാണുന്ന ഒരു കലാസൃഷ്ടി ലോകത്തുണ്ടാക്കിയ ബഹളം ചില്ലറയൊന്നുമല്ല. ഒടുവില്‍ വാങ്ങിയ ആള്‍ തന്നെ അകത്താക്കിയതോടെ കോടീശ്വരന്‍ വാഴപ്പഴത്തിന്‍റെ ‘കഥ കഴിഞ്ഞു’.

ചൈനീസ് വംശജനായ ക്രിപ്‌റ്റോകറൻസി സ്ഥാപകൻ ജസ്റ്റിൻ സൺ ആണ് 6.2 മില്യൺ ഡോളർ അതായത് 52.4 കോടി രൂപ ചെലവഴിച്ച് ആ വാഴപ്പഴം വാങ്ങിയത്. നവംബർ 29 വെള്ളിയാഴ്ച ഹോങ്കോങ്ങിലെ ഒരു ആഡംബര ഹോട്ടലിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍വച്ച് ജസ്റ്റിൻ ആ പഴം അങ്ങ് ‘വിഴുങ്ങി’. മറ്റ് വാഴപ്പഴങ്ങളെ ഇത് വളരെ നല്ലതാണെന്ന് വാഴപ്പഴം കഴിച്ചതിന് ശേഷം ജസ്റ്റിൻ പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത ഓരോ വ്യക്തിക്കും ഒരു വാഴപ്പഴവും ഒരു റോൾ ഡക്‌റ്റ് ടേപ്പും സുവനീറായി നൽകുകയും ചെയ്തിരുന്നു,

ഇറ്റാലിയൻ കലാകാരനായ മൗറിസിയോ കാറ്റെലൻ ക്യൂറേറ്റ് ചെയ്ത കലാസൃഷ്ടിയാണ് ടേപ്പ് ഒട്ടിച്ച ഈ വാഴപ്പഴം. അദ്ദേഹത്തിന്‍റെ ഒരു കൊമേഡിയന്‍ പരമ്പരയുടെ സൃഷ്ടിയായിരുന്നു ഇത്. 2019ല്‍ മയാമി മേളയിലായിരുന്നു ഇത് ആദ്യമായി പ്രദര്‍ശിപ്പിച്ചിരുന്നത്. അന്നു മുതല്‍ ലോകത്ത് വന്‍ ചര്‍ച്ചയായിരുന്നു ഈ വാഴപ്പഴം. ആദ്യ രണ്ട് പ്രദര്‍ശനത്തില്‍ ഒരിക്കല്‍ 10,15,286.40 രൂപയ്ക്കും രണ്ടാമത്തെ തവണ 12,69,1080 രൂപയ്ക്കുമായിരുന്നു വിറ്റുപോയത്. എന്നാല്‍ ഇത്ര വലിയ തുക ലഭിക്കുന്നത് ഇതാദ്യമായാണ്. കഴിഞ്ഞയാഴ്ച ലേലം നേടിയതിന് തൊട്ടുപിന്നാലെ ഇത് കഴിക്കാന്‍ തന്നെയാണ് തന്‍റെ ഭാവമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ന്യൂയോർക്ക് ടൈംസിലെ റിപ്പോർട്ട് അനുസരിച്ച് 74 കാരനായ ഷാ ആലം എന്ന പഴം വിൽപനക്കാരനാണ് വാഴപ്പഴം കലാകാരന് വിറ്റത്. അതും 35 സെന്‍റിന്.

ENGLISH SUMMARY:

A banana taped to a wall, part of Italian artist Maurizio Cattelan’s Comedian series, was sold for ₹52.4 crore ($6.2 million) to cryptocurrency entrepreneur Justin Sun. At a press conference in Hong Kong, Sun ate the banana, calling it "excellent." First displayed at the 2019 Miami Art Fair, the artwork sparked global controversy. The banana was originally purchased from a vendor for just 35 cents.