ദക്ഷിണ കൊറിയയിലെ സിയോളില്‍ നടന്ന ഒരു അസാധാരണ സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരാള്‍ ടോയ്ലറ്റില് പോയി വരാന്‍ അല്‍പം സമയമെടുത്തതിനാല്‍ 125 ട്രെയ്നുകളാണ് സിയോളില്‍ വൈകിയത്. കൊറിയന്‍ ഹെറാള്‍ഡിന്‍റെ റിപ്പോര്‍ട്ട് പ്രകാരം തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ സിയോളിലെ ലൈന്‍ 2വിലാണ് സംഭവം നടന്നത്.
സർക്കുലർ ലൈൻ ട്രെയിനിലെ ഓപ്പറേറ്ററായ യുവാവ് ടോയ്ലറ്റില് പോയി വരാന്‍ വൈകിയതാണ് മറ്റു ട്രെയിനുകളുടെ സമയത്തെ സാരമായി ബാധിച്ചത്. ജോലിക്കിടയില്‍ സർക്കുലർ ലൈൻ ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ ടോയ്ലറ്റ് ബ്രേക്ക് എടുക്കാറുണ്ടെങ്കിലും അത് നിരവധി ട്രെയിന്‍ സര്‍വീസുകളെയും യാത്രക്കാരെയും ബാധിക്കുന്നത് ഇതാദ്യമാണ്. ട്രെയിന്‍ ഒരു സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴാണ് അടിയന്തരമായി ഓപ്പറേറ്റര്‍ ടോയ്ലറ്റിലേക്ക് പോയത്. തൊട്ടടുത്തുളള റെസ്റ്റ് റൂം അടുത്ത നിലയിലായതിനാൽ തന്നെ ഓപ്പറേറ്റര്‍ പോയി വരുന്നതിന് നാല് മിനിറ്റും 16 സെക്കന്റുമാണ് എടുത്തത്.
നിസാരമെന്ന് തോന്നുന്ന ഈ നാല് മിനുറ്റ് 16 സെക്കന്‍റാണ് 125 ട്രെയിനുകള്‍ 20 മിനിറ്റോളം വൈകിയോടാന്‍ കാരണമായത്. സർക്കുലർ ലൈനുകളിലെ ട്രെയിൻ ഓപ്പറേറ്റർമാർ സാധാരണയായി രണ്ടോ മൂന്നോ മണിക്കൂർ ഇടവേളകളില്ലാതെയാണ് പ്രവർത്തിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ പോര്‍ട്ടബിള്‍ ടോയ്റ്റുകള്‍ ലഭ്യമാണെങ്കിലും മിക്കവാറും എല്ലാവരും തന്നെ അടുത്തുളള റെസ്റ്റ് റൂമുകളെ ആശ്രയിക്കാറാണ് പതിവ്. എന്നാല്‍ തിരക്കുളള സമയങ്ങളില്‍ സർക്കുലർ ലൈൻ ട്രെയിന്‍ ഓപ്പറേറ്റര്‍മാരുടെ ടോയ്ലറ്റ് ബ്രേക്ക് വലിയ ആശങ്ക സൃഷ്ടിക്കാറുണ്ടത്രേ. അതേസമയം 20 മിനുറ്റോളം ട്രെയിനുകള്‍ വൈകിയെങ്കിലും യാത്രക്കാരാരും തന്നെ പരാതിയുമായി എത്തിയില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.