Image Credit: x.com/unaiwind

TOPICS COVERED

ഹാച്ചിക്കോയെ ഓര്‍മയില്ലേ? യജമാനൻ മരിച്ചതറിയാതെ 10 വർഷം റെയിൽവേ സ്റ്റേഷനിൽ അദ്ദേഹത്തിനു വേണ്ടി കാത്തിരുന്ന വളര്‍ത്തുനായയെ... മനുഷ്യനും വളർത്തുനായയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ലോകം ഒരിക്കലും മറക്കാത്ത പ്രതീകമാണ് ഹാച്ചിക്കോ. ഇന്നിതാ ഹാച്ചിക്കോയെ പോലെ മുങ്ങിമരിച്ച ഉടമയ്ക്കായ് ദിവസങ്ങളോളം കാത്തിരുന്ന ബെല്‍ക എന്ന റഷ്യന്‍ നായയുടെ കഥയാണ് ലോകത്തിന്‍റെ കണ്ണുനനയിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട പോസ്റ്റുകളിലൂടെയും ചിത്രങ്ങളിലൂടെയുമാണ് ബെല്‍കയുടെ കഥ ലോകമറിഞ്ഞത്. തണുത്തുറഞ്ഞ ഐസ് പാളികള്‍ക്കുമുകളില്‍ രാത്രിയിലും തനിച്ചിരിക്കുന്ന ബെല്‍കയുടെ ചിത്രം ആരുടേയും കണ്ണുനനയിക്കും.

രാത്രിയിലും ഉടമയെ കാത്ത് ബെല്‍ക്ക (Image Credit: x.com/unaiwind)

റഷ്യയിലെ ഉഫ റീജിയണില്‍ തണുത്തുറഞ്ഞ നദിക്കു സമീപത്തുകൂടി സൈക്കിളില്‍ സഞ്ചരിക്കുമ്പോഴാണ് ബെല്‍കയുടെ ഉടമയായ 59 കാരന്‍ മരണപ്പെടുന്നത്. നദി മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം. മഞ്ഞുപാളികള്‍ തകര്‍ന്ന് വെള്ളത്തില്‍ മുങ്ങിമരിക്കുകയായിരുന്നു. ഇയാള്‍ വീഴുന്നതുകണ്ട വഴിയാത്രക്കാരൻ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നദിയുടെ മുകള്‍ ഭാഗം ഐസായിരുന്നെങ്കിലും ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനവും ദുഷ്കരമാക്കി. നാല് ദിവസങ്ങള്‍ നീണ്ട തിരച്ചിലിലാണ് മൃതദേഹം പോലും കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് ദൗത്യത്തിനിടെ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

തണുത്തുറഞ്ഞ നദിക്കുമുകളില്‍ ബെല്‍ക്ക (Image Credit: x.com/unaiwind)

എന്നാല്‍ തന്‍റെ പ്രിയ്യപ്പെട്ട ഉടമ മടങ്ങിവരുന്നതും കാത്ത് ബെൽക്ക നദീതീരത്ത് തുടർന്നു. രാത്രിയുടെ ഇരുട്ടോ ശരീരം മരവിപ്പിക്കുന്ന തണുപ്പോ അവളെ പിന്തിരിപ്പിച്ചില്ല. അദ്ദേഹം തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ നാലു ദിവസത്തോളം നദിക്കരയിൽ കാത്തുനിന്നു ബെല്‍ക. കുടുംബം അവളെ പലതവണ വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. പക്ഷേ വീണ്ടും വീണ്ടും അദ്ദേഹത്തെ അവസാനമായി കണ്ട സ്ഥലത്തേക്ക് ബെൽക്ക മടങ്ങിയെത്തി. തണുത്തുറഞ്ഞ നദിക്കുമുകളില്‍ രാത്രിയുടെ ഇരുട്ടിലും യജമാനനെ കാത്തിരുക്കുന്ന ബെല്‍ക്കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബെല്‍ക്കയുടെ കഥ ലോകമറിഞ്ഞതോടെ പ്രശസ്ത ജാപ്പനീസ് നായ ഹാച്ചിക്കോയോടുടെ കഥയുമായുള്ള സാമ്യമാണ് ആളുകളെ അമ്പരപ്പിച്ചത്. റഷ്യന്‍ ഹാച്ചിക്കോയായി ബെല്‍ക്കയെ ലോകം ഏറ്റെടുത്തു.

ബെല്‍ക്ക (Image Credit: x.com/unaiwind)

ഉടമയ്ക്കായി 10 വർഷം കാത്തിരുന്ന ‘ഹാച്ചിക്കോ’

വളര്‍ത്തുനായകളുടെ അനശ്വര സ്നേഹത്തിന്‍റെ എക്കാലത്തെയും പ്രതീകമാണ് ഹാച്ചിക്കോ. 1923 നും 1935 നും ഇടയില്‍ ജപ്പാനിൽ ജീവിച്ചിരുന്ന അകിത വിഭാഗത്തിലുള്ള നായയായിരുന്നു ഹാച്ചിക്കോ. ടോക്കിയോ ഇംപീരിയൽ യൂണിവേഴ്സിറ്റിയിലെ പ്രഫസറായിരുന്ന ഹിഡസ്ബ്യൂറോ യൂനോയായിരുന്നു ഹാച്ചിക്കോയുടെ ഉടമ. ടോക്കിയോയുടെ പ്രാന്തപ്രദേശമായ ഷിബുയയിലാണ് യൂനോയും ഹാച്ചിക്കോയും താമസിച്ചിരുന്നത്. എല്ലാദിവസവും കോളജിലേക്കു പോകുന്ന യൂനോ വൈകിട്ട് ട്രെയിനിലാണ് ഷിബുയ സ്റ്റേഷനിൽ തിരിച്ചെത്തിയിരുന്നത്. ഇവിടെ അദ്ദേഹത്തെ കാത്ത് ഹാച്ചിക്കോ ഇരിപ്പുണ്ടാകും. അവര്‍ ഒരുമിച്ച് വീട്ടിലേക്കു നടക്കും.

ഹാച്ചിക്കോ (Photo: Twitter/@baphometx), ഹാച്ചിക്കോയുടെ വെങ്കലപ്രതിമ (Photo: Twitter/@dogdaddevan

എന്നാൽ 1925 മേയ് 21നു കോളജിലേക്കു പോയ അദ്ദേഹം പിന്നെ തിരിച്ചുവന്നില്ല. ഷിബുയയിലേക്കു തിരിക്കുന്നതിനിടെ പക്ഷാഘാതം വന്നായിരുന്നു അദ്ദേഹത്തിന്‍റെ മരണം. പക്ഷേ ഇതൊന്നുമറിയാതെ ഹാച്ചിക്കോ അന്നും സ്റ്റേഷനു പുറത്തു അദ്ദേഹത്തെ കാത്തിരിപ്പായിരുന്നു. ആ കാത്തിരിപ്പ് കാലങ്ങളോളം തുടര്‍ന്നു. എല്ലാ ദിവസവും വൈകിട്ട് അവൻ ഷിബുയയിൽ എത്തി യൂനോ തിരിച്ചുവരുന്നതും കാത്തിരുന്നു. തെരുവുനായ ആണെന്ന് കരുതി ജീവനക്കാർ അടിച്ചോടിക്കാൻ ശ്രമിച്ചു, ചൂടുവെള്ളം ഒഴിച്ചു. എന്നാല്‍ ഇതെല്ലാം സഹിച്ചായിരുന്നു ഹാച്ചിക്കോയുടെ കാത്തിരിപ്പ്.

വിദ്യാർഥികളിലൊരാളാണ് ഹാച്ചിക്കോയെ തിരിച്ചറിയുന്നത്. വൈകാതെ ഹാച്ചിക്കോയുടെ സ്നേഹത്തിന്‍റെ കഥ വാര്‍ത്തയായി. ഹാച്ചിക്കോയുടെ സ്നേഹം ലോകമറിഞ്ഞു, ലോകത്തിന്‍റെ കണ്ണുനനയിച്ചു. 1935 മാർച്ച് 8ന് മരണമാണ് ഹാച്ചിക്കോയുടെ കാത്തിരിപ്പ് അവസാനിപ്പിക്കുന്നത്. മരണശേഷം ഹാച്ചിക്കോയുടെ ശരീരം തന്‍റെ പ്രിയ്യപ്പെട്ട ഉടമയുടെ വിശ്രമസ്ഥലത്തിനു സമീപം അടക്കി. പിന്നീട് ഹാച്ചിക്കോയോടുള്ള ആദരസൂചകമായി ഷിബുയ സ്റ്റേഷനിൽ ഹാച്ചിക്കോയുടെ വെങ്കല പ്രതിമ സ്ഥാപിച്ചു. ലോകത്തിലേറ്റവും തിരക്കുപിടിച്ച കവലയായ സെൻട്രൽ ടോക്കിയോയിലെ ഷിബുയ റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടത്തിന്റെ പേരും ഇന്ന് ഹാച്ചിക്കോ എന്നാണ്.

ENGLISH SUMMARY:

In a story that has touched hearts worldwide, Belka, a loyal dog from Russia, waited near a frozen river for days, hoping for her owner’s return. The tragic incident occurred in the Ufa region, where her owner, a 59-year-old man, lost his life attempting to cross the icy river. Despite the freezing cold and the darkness of the nights, Belka remained steadfast, unwilling to leave the spot where she last saw her beloved owner. Her devotion reminds many of the legendary Japanese dog Hachiko, who waited 10 years at a train station for his deceased owner.