വീട്ടുജോലി ചെയ്യാതിരുന്നതിന്‍റെ പേരിൽ മകളെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി പിതാവ്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വീട്ടുജോലികള്‍ ചെയ്യാതെ മൊബൈലില്‍ ഗെയിം കളിച്ചിരുന്നതില്‍ മുകേഷ് പ്രകോപിതനാവുകയും പ്രഷര്‍ കുക്കര്‍ കൊണ്ട് പെണ്‍കുട്ടിയുടെ തലയില്‍ അടിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഹേതാലി എന്ന പതിനെട്ടുകാരിയെയാണ് പിതാവ് മുകേഷ് പര്‍മര്‍ കൊലപ്പെടുത്തിയത്. അമ്മ ഗീതയുടെ പരാതിയില്‍ പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു.
ഓട്ടോറിക്ഷാ ഡ്രൈവറായ മുകേഷ്, അസുഖത്തെ തുടര്‍ന്ന് ജോലിക്ക് പോകാതെ വിശ്രമത്തിലായിരുന്നു. സമീപത്തെ മാളിലെ ജീവനക്കാരിയായ ഗീത, വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ജോലിക്ക് പോയി. ഹേതാലിയും അനുജന്‍ മായാങ്കും മുകേഷുമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്.വീട്ടുജോലികള്‍ ചെയ്തുതീര്‍ക്കണമെന്ന നിര്‍ദേശം നല്‍കിയാണ് ഗീത ജോലിക്ക് പുറപ്പെട്ടത്. എന്നാല്‍, ഹേതാലി അത് അനുസരിക്കാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരുന്നു. ഇതില്‍ കുപിതനായ മുകേഷ് പ്രഷര്‍ കുക്കര്‍ കൊണ്ട് അടിക്കുകയായിരുന്നു.