തുര്‍ക്കിയില്‍ അവധി ആഘോഷിക്കാനെത്തിയ ബ്രിട്ടീഷ് പൗരന്‍ ഹോട്ടല്‍ ലിഫ്റ്റിനുള്ളില്‍ മരിച്ചനിലയില്‍. തുര്‍ക്കിയിലെ അന്‍റല്യയിലെ ലാറ ബീച്ചിനടുത്താണ് സംഭവം. ടൈലര്‍ കെറിയെന്ന ഇരുപതുകാരനാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ശരീരത്തില്‍ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. കുടുംബസമേതം തുര്‍ക്കിയില്‍ അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു ടെയ്ലര്.
ഹോട്ടലിന്‍റെ ലിഫ്റ്റ് ഷാഫ്റ്റില്‍ ടെയ്ലറുടെ മൃതദേഹം കണ്ടെത്തിയെന്നും മരണകാരണം വ്യക്തമല്ലെന്നാണ് കുടുംബം പറയുന്നത്. അപ്രതീക്ഷിത വിയോഗത്തിന്‍റെ നടുക്കത്തിലാണ് കുടുംബം. എന്താണ് ഹോട്ടലില്‍ വച്ച് സംഭവിച്ചതെന്നതില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ടെയ്ലറുടെ മൃതദേഹം വൈകാതെ യു.കെയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്നും കുടുംബത്തിന് വേണ്ട നിയമസഹായമടക്കമുള്ളവ നല്‍കുന്നുണ്ടെന്നും എംബസി അറിയിച്ചു.
വളരെ ദയാലുവും സല്‍സ്വഭാവിയും എല്ലാറ്റിലും വലിയതായി കുടുംബത്തെ കരുതിയിരുന്ന വ്യക്തിയാണ് ടെയ്ലറെന്ന് ഗോ ഫണ്ട് മീയില്‍ പങ്കുവച്ച കുറിപ്പില്‍ കുടുംബം വ്യക്തമാക്കി. തകര്‍ന്ന അവസ്ഥയിലാണ് കുടുംബമെന്നും ട്രാവല്‍ ഇന്‍ഷൂറന്‍സടക്കമുള്ള ഉള്ളതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ലെന്നാണ് കരുതുന്നതെന്നും എന്നാല്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സഹായിക്കാമെന്നും കുറിപ്പില്‍ പറയുന്നു. അങ്ങനെ ലഭിക്കുന്ന പണം ടെയ്ലറുടെ സംസ്കാരചടങ്ങുകളിലേക്കായി ഉപയോഗിക്കുമെന്നും കുടുംബം വ്യക്തമാക്കി. ചൊവ്വാഴ്ചയോടെ ടെയ്ലറുടെ മൃതദേഹം യു.കെയില്‍ എത്തിക്കാനാകുമെന്നാണ് കരുതുന്നത്.