കനത്ത മൂടല്‍മഞ്ഞില്‍ ഹെലികോപ്ടര്‍ ആശുപത്രിയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് ദാരുണാന്ത്യം. തെക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലാണ് സംഭവം. തുര്‍ക്കി ആരോഗ്യമന്ത്രാലയത്തിന്‍റേതാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍. ഹെലികോപ്ടറിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. ടേക്ക് ഓഫിനിടെ നിയന്ത്രണം വിട്ട ഹെലികോപ്ടര്‍ ആശുപത്രിയുടെ നാലാംനിലയിലേക്കാണ് ഇടിച്ചു കയറുകയായിരുന്നു. മൂടല്‍മഞ്ഞ് കാഴ്ച മറച്ചതാണ് അപകടത്തിന് കാരണമായതെന്ന് മുഗ്ല പ്രവിശ്യ ഗവര്‍ണര്‍ ഇദ്രിസ് അക്ബിയിക് പറഞ്ഞു. അപകടത്തില്‍ തുര്‍ക്കി അന്വേഷണം പ്രഖ്യാപിച്ചു.
ആശുപത്രിയുടെ റൂഫ്ടോപ്പില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെയാണ് കോപ്ടര്‍ അപകടത്തില്‍പ്പെട്ടത്. മുഗ്ലയിലെ ആശുപത്രിയില്‍ നിന്നും അന്‍റല്യയിലേക്ക് പോകുകയായിരുന്നു സംഘം. മൂടല്‍മഞ്ഞില്‍ കാഴ്ച മറഞ്ഞതോടെ ഹെലികോപ്ടര്‍ തലകുത്തനെ മറിയുകയായിരുന്നു. നാലാം നിലയിലേക്ക് ഇടിച്ചുകയറിയ ഹെലികോപ്ടര്‍ പൊടുന്നനെ നിലത്ത് വീഴുകയായിരുന്നു.
തുര്‍ക്കിയിലെ തന്നെ ഇസ്പാര്‍ടയില്‍ രണ്ടാഴ്ചയ്ക്ക് മുന്‍പും ഹെലികോപ്ടര്‍ അപകടമുണ്ടായിരുന്നു. പരിശീലനത്തിനിടെ രണ്ട് സൈനിക ഹെലികോപ്ടറുകളാണ് കൂട്ടിയിടിച്ചത്. ആറ് സൈനികര്‍ക്ക് അന്ന് ജീവന്‍ നഷ്ടമായിരുന്നു. അപകടത്തിന്‍റെ കാരണമെന്തെന്ന് ഇതുവരെയും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.