flight-judges

പ്രതീകാത്മക ചിത്രം

ആഗോള തലത്തിലെ ഏറ്റവും മികച്ചതും മോശം പ്രകടനം നടത്തുന്നതുമായ വിമാനകമ്പനികളുടെ പട്ടിക പുറത്തുവിട്ട് എയർഹെൽപ് ഇൻകോർപ്പറേറ്റ്. 2024ലെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുള്ള റാങ്കിങ്ങാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓൺ-ടൈം പ്രകടനം, യാത്രക്കാര്‍ക്കുണ്ടായ തടസങ്ങള്‍, യാത്രക്കാര്‍ ഉന്നയിച്ച ക്ലെയിമുകള്‍, ഭക്ഷണം– സേവനം എന്നിവയെക്കുറിച്ചുള്ള യാത്രക്കാരുടെ ഫീഡ്‌ബാക്ക് തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ്.

ജനുവരി മുതൽ ഒക്ടോബർ വരെയുള്ള വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. ആഗോള റാങ്കിങില്‍ ഇന്ത്യൻ വിമാനക്കമ്പനികളിൽ രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോ 103-ാം സ്ഥാനത്താണ്. താഴ്ന്ന ഉപഭോക്തൃ അനുഭവവും വിമാനം വൈകലും തടസ്സപ്പെടലും ഉപഭോക്താക്കളുടെ വര്‍ധിച്ച ക്ലെയിമുകളും തുടങ്ങിയ മോശം പ്രകടനമാണ് റാങ്കിങ്ങില്‍ കൂപ്പുകുത്താന്‍ കാരണം. അതേസമയം ടുണീഷ്യയുടെ ദേശീയ വിമാനകമ്പനിയായ ടുണിസെയറാണ് ലോകത്തിലെ ഏറ്റവും മോശം എയർലൈൻ. 109-ാം സ്ഥാനമാണ് ടുണിസെയറിനുള്ളത്. ഏറ്റവും മോശം റാങ്കിങ് നേടിയ വിമാന കമ്പനികളുടെ ലിസ്റ്റില്‍ ബജറ്റ് വിമാനക്കമ്പനികളും ദേശീയ എയർലൈനുകളും ഉൾപ്പെടുന്നുണ്ട്.

ഏറ്റവും മോശം റാങ്കിങ് നേടിയ വിമാന കമ്പനികള്‍

  • 100. സ്കൈ എക്സ്പ്രസ്
  • 101. എയർ മൗറീഷ്യസ്
  • 102. ടാറോം
  • 103. ഇൻഡിഗോ
  • 104. പെഗാസസ് എയർലൈൻസ്
  • 105. എൽ അൽ ഇസ്രായേൽ എയർലൈൻസ്
  • 106. ബൾഗേറിയ എയർ
  • 107. നൗവെലെയർ
  • 108. ബസ്സ്
  • 109. ടുണിസെയർ

അതേസമയം 2018 മുതൽ പട്ടികയില്‍ ഒന്നാമതായി ആധിപത്യം പുലർത്തിയിരുന്ന ഖത്തർ എയർവേയ്‌സിനെ പിന്തള്ളി ബ്രൂസ് എയർലൈൻസാണ് ലോകത്തിലെ ഏറ്റവും മികച്ച വിമാനകമ്പനിയായി ഇത്തവണ റാങ്ക് ചെയ്യപ്പെട്ടിട്ടുള്ളത്. പ്രവർത്തന തടസ്സങ്ങൾ നേരിട്ടിട്ടെങ്കിലും യുണൈറ്റഡ് എയർലൈൻസും അമേരിക്കൻ എയർലൈൻസും ആഗോളതലത്തിൽ മികച്ച പ്രകടനം തുടർന്നതായും പട്ടികയില്‍ വ്യക്തമാണ്. അതേസമയം, ഡെൽറ്റ എയർലൈൻസ് 17-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജെറ്റ്ബ്ലൂ, എയർ കാനഡ എന്നിവ 50-ാം സ്ഥാനത്തെത്തിയിട്ടുണ്ട്. അലാസ്ക എയർലൈൻസ് 88ാം സ്ഥാനത്താണ്.

മറ്റ് മികച്ച മികച്ച 10 വിമാനകമ്പനികള്‍

  • 10. എയർ സെർബിയ
  • 09. വൈഡറോ
  • 08. എയർ അറേബ്യ
  • 07. ലോട്ട് പോളിഷ് എയർലൈൻസ്
  • 06. ഓസ്ട്രിയൻ എയർലൈൻസ്
  • 05. പ്ലേ (ഐസ്‌ലാൻഡ്)
  • 04. അമേരിക്കൻ എയർലൈൻസ്
  • 03. യുണൈറ്റഡ് എയർലൈൻസ്
  • 02. ഖത്തർ എയർവേസ്
  • 01. ബ്രസ്സൽസ് എയർലൈൻസ്

യാത്രക്കാരുടെ ഉപഭോക്തൃ അനുഭവം വര്‍ധിപ്പിക്കാനും അഭിപ്രായങ്ങള്‍ കേള്‍ക്കാനും വിമാനക്കമ്പനികളെ പ്രോല്‍സാഹിപ്പിക്കുക എന്നതാണ് റാങ്കിങിന്‍റെ ലക്ഷ്യമെന്ന് എയര്‍ ഹെല്‍പ് സിഇഒ പറയുന്നു. അവധിക്കാലം തുടങ്ങാനിരിക്കെ പട്ടിക യാത്രക്കാരില്‍ കാര്യമായ സ്വാധീനമുണ്ടാക്കുമെന്നാണ് കരുതുന്നത്.

ENGLISH SUMMARY:

AirHelp Incorporated has released a list of the best and worst-performing airlines globally. The rankings are based on 2024 reports. Factors such as on-time performance, disruptions faced by passengers, claims raised by passengers, and feedback on food and service were considered for the rankings.