ദക്ഷിണ കൊറിയയില്‍ പട്ടാളനിയമം ഏര്‍പ്പെടുത്തിയ തീരുമാനം പിന്‍വലിച്ച് പ്രസിഡന്റ് യൂണ്‍ സുഖ് യോള്‍. പാര്‍ലമെന്റ് ഒന്നടങ്കം എതിര്‍ത്ത് വോട്ടുചെയ്തതോടെയാണ് പട്ടാളനിയമം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം യൂണ്‍ സുഖ് യോള്‍ തീരുമാനം പിന്‍വലിച്ചത്. ദേശവിരുദ്ധശക്തികളെ ഇല്ലാതാക്കണമെന്നും ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയാണ് രാത്രിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് പട്ടാള നിയമം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്. തീരുമാനത്തിനെതിരെ പാര്‍ലമെന്റിന് പുറത്തും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.യോളിന്‍റെ തീരുമാനത്തിനെതിരെ വിദ്യാര്‍ഥികളടക്കം പ്രതിഷേധവുമായി തെരുവിലിറങ്ങി. ഭരണപക്ഷമായ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 1980 ന് ശേഷം ഇതാദ്യമായായിരുന്നു ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്.
യോള്‍ രാജി വയ്ക്കണമെന്നും ഇംപീച്ച്മെന്‍റ് നേരിടണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചു. സമാധാനപരമായും സാധാരണഗതിയിലും രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ യോളിന് കഴിയില്ലെന്ന് തെളിഞ്ഞുവെന്നും ഡമോക്രാറ്റിക് പാര്‍ട്ടി മുതിര്‍ന്ന നേതാവായ പാര്‍ക് ചാന്‍ ദെയ് പ്രസ്താവനയില്‍ വ്യക്തമാക്കി. 40 എംപിമാര്‍ യോളിനെ ഇംപീച്ച്ചെയ്യാനുള്ള പ്രമേയം വൈകാതെ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുമെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി പാര്‍ലമെന്‍റില്‍ അനുചിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്നും പട്ടാള നിയമം പ്രഖ്യാപിക്കവെ സുഖ് യോള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ പാര്‍ലമെന്‍റ് നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതായി സൈന്യം വ്യക്തമാക്കി. അസംബ്ലി കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിന് അംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. അടുത്ത വര്‍ഷത്തെ ബജറ്റ് ബില്ലിനെ ചൊല്ലി യൂന്‍സിന്റെ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയും മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയും വാഗ്വാദം നടക്കുന്നതിനിടെയായിരുന്നു ലോകത്തെ തന്നെ അമ്പരപ്പിച്ച് സുഖ് യോള്‍ പട്ടാളഭരണം ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചത്.