yoon-suk-yeol

TOPICS COVERED

വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചു പിടിക്കാന്‍ കഴിയില്ലെന്ന് ദക്ഷിണ കൊറിയക്കാര്‍ക്ക് വരെ മനസിലായി. പട്ടാളഭരണം പ്രഖ്യാപിച്ച തീരുമാനം പാളിയെന്ന് തിരിച്ചറിയാന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് യൂണ്‍ സുഖ് യോളിന് ആറുമണിക്കൂറെ വേണ്ടിവന്നുളളൂ. സമരവും പ്രതിഷേധവും ഒക്കെയായി ആകെ  അലമ്പ്. സ്വന്തം പാര്‍ട്ടിയായ പീപ്പിള്‍സ് പവറും കെറുവിച്ചതോടെ ഇനിയിപ്പോള്‍ നില്‍ക്കണോ പോണോയെന്നേ സംശയമുള്ളൂ. പ്രസിഡന്‍റിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. നിലവില്‍ ദേശീയ അസംബ്ലിയില്‍ ഭൂരിപക്ഷം പ്രതിപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ്. സ്വന്തം പാര്‍ട്ടിയുടെ പിന്തുണ കൂടി എതിരായ സ്ഥിതിക്ക് മിക്കവാറും യോളിന് കാര്യങ്ങള്‍ കൈവിട്ടുപോകും. 

ഇതാദ്യമായല്ല യോള്‍ പുലിവാല് പിടിക്കുന്നത്.  ഭാര്യ കിം ക്യോണ്‍ ഹീയുടെ ബാഗാണ് യോളിനെ ഇതിനു മുന്‍പ് പ്രതിസന്ധിയിലാക്കിയത്. ആര്‍ട് ക്യുറേറ്റര്‍ ആയിരുന്നു കിം.  ലക്ഷ്വറി ബ്രാന്‍ഡായ ക്രിസ്ത്യന്‍ ഡിയോറിന്റെ മൂന്നു ലക്ഷം മതിക്കുന്ന ബാഗ് കിം സമ്മാനമായി സ്വീകരിക്കുന്ന വീഡിയോ പുറത്തുവന്നത് വലിയ വിവാദമായി. ഭാര്യയുടെ പ്രവര്‍ത്തി ശരിയായില്ലെന്ന് പരസ്യമായി രാജ്യത്തോട് മാപ്പ് പറഞ്ഞാണ് അന്ന് യോള്‍ തടിയൂരിയത്. പക്ഷേ നിയമം വളച്ചൊടിച്ച് ഭാര്യയെ കേസില്‍പെടാതെ സംരക്ഷിക്കുകയും ചെയ്തു. നികുതി വെട്ടിപ്പ്, അഴിമതി, ഓഹരി പെരുപ്പിക്കല്‍, വ്യാജ ഡിഗ്രി സമ്പാദിക്കല്‍, തുടങ്ങി കിം ചെന്ന് പെടാത്ത കേസുകളില്ല. സര്‍ക്കാരിന്‍റെ നയങ്ങളില്‍ സ്വന്തം ബിസിനസ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കിം ഇടപെടുന്നുവെന്ന ആരോപണം വേറെയും. ആഡംബരജീവിതം നയിക്കുന്ന ഭാര്യയുടെ പേരില്‍  യോളിനെ പാര്‍ട്ടിവരെ ട്രോളി. 

രാജ്യത്തെ പ്രഥമ വനിതയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു ഓഫീസ് തുറക്കും എന്നൊക്കെ പറഞ്ഞെങ്കിലും ഒരുകേസിലും അന്വേഷണം നടന്നില്ല.