ഭൂരിഭാഗം മരുന്നുകള്‍ക്കും പാര്‍ശ്വഫലമുണ്ടെന്ന സംശയം അസ്ഥാനത്തല്ല. മുടികൊഴിച്ചില്‍ തടയാന്‍ മരുന്നുകഴിച്ച മാതാപിതാക്കളുടെ കുഞ്ഞുങ്ങളുടെ ശരീരമാസകലം അസാധാരണ രോമവളര്‍ച്ച വന്നതായി റിപ്പോര്‍ട്ട്. സ്പെയിനില്‍ നിന്നാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ ജനിച്ച ഒരു ഡസനോളം കുഞ്ഞുങ്ങളിലാണ് അസാധാരണ രോമവളര്‍ച്ചയുള്ള ‘വേര്‍വൂള്‍ഫ് സിന്‍ഡ്രോം’എന്നുകൂടി അറിയപ്പെടുന്ന അവസ്ഥയുള്ളത്. ഹൈപ്പര്‍ ട്രൈക്കോസിസ് എന്നും ഈ ശാരീരികാവസ്ഥയെ വിശേഷിപ്പിക്കുന്നുണ്ട്.
നവാര ഫാര്‍മക്കോവിജിലന്‍സ് സെന്‍റര്‍ പതിനൊന്ന് കേസുകളാണ് കണ്ടെത്തിയത്. ടോപ്പിക്കല്‍ മിനോക്സിഡില്‍ അഞ്ചു ശതമാനം അടങ്ങിയ മരുന്നുകളാണ് ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ,എഫ്‌ഡിഎ അംഗീകരിച്ച മരുന്നാണ് മിനോക്‌സിഡില്‍. ഹൈപ്പര്‍ ട്രൈക്കോസിസ് ഉള്ള കുഞ്ഞുങ്ങളുടെ പുറംഭാഗത്തും കാലുകളിലും കൈകളിലുമാണ് ഏറ്റവും കൂടുതല്‍ രോമവളര്‍ച്ച കാണപ്പെടുക. മാതാപിതാക്കള്‍ കഴിച്ച മരുന്നിന്‍റെ അംശം കുഞ്ഞുങ്ങളിലേക്കും എത്തിയതാണ് ഈ അവസ്ഥയ്ക്കു കാരണം. മുടിവളര്‍ച്ച വര്‍ധിപ്പിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന പല മരുന്നുകളിലും മിനോക്സിഡില്‍ ഒരു പ്രധാന ഘടകമാണ്.
രോമവളര്‍ച്ച വന്ന കുട്ടികളുടെ മാതാപിതാക്കളുമായി ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് ചില കുഞ്ഞുങ്ങളുടെ പിതാവും മാതാവും ഇത്തരത്തിലുള്ള മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. ഗര്‍ഭിണികളായ അമ്മമാരും അതുപോലെ മുലയൂട്ടുന്ന അമ്മമാരും ഉപയോഗിച്ച മരുന്നുകളും കുഞ്ഞുങ്ങളില്‍ ഈ മാറ്റത്തിനു കാരണമായിട്ടുണ്ട്. നിലവില്‍ ഹൈപ്പര്‍ട്രൈക്കോസിസിന് ചികിത്സ ലഭ്യമല്ല. ഇത് ബാധിച്ചവര്‍ രോമ വളര്‍ച്ച നിയന്ത്രിക്കുന്നതിന് ഷേവിംഗ്, വാക്‌സിംഗ് തുടങ്ങിയ രീതികളെ ആശ്രയിക്കുകയേ വഴിയുള്ളൂ.
2023ല്‍ മുലയൂട്ടുന്ന ഒരു കുഞ്ഞിന് രണ്ട് മാസത്തിനുള്ളില്‍ ശരീരത്തിലുടനീളം അമിത രോമ വളര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് വൂള്‍ഫ് സിന്‍ഡ്രോം ശ്രദ്ധയില്‍പ്പെട്ടത്. സ്‌പെയിനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാ കേസുകളിലും കുട്ടികളെ പരിചരിക്കുന്നവര്‍ മിനോക്‌സിഡില്‍ ലായിനി ഉപയോഗിക്കുന്നത് നിര്‍ത്തിയതോടെ കുഞ്ഞുങ്ങളുടെ അമിത രോമവളര്‍ച്ച കുറഞ്ഞതായി ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തി.