ആത്മീയതയ്ക്കും വിശ്വാസത്തിനും പ്രാധാന്യം നല്‍കുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. എങ്കിലും വിവേകത്തോട് കൂടി കൈകാര്യം ചെയ്തില്ലെങ്കില്‍ അത് പലപ്പോഴും ദാരുണമായ സാഹചര്യങ്ങള്‍ക്ക് വഴിയൊരുക്കുന്നതുമാണ്. അത്തരത്തിലൊരു ദുരന്തമാണ് മെക്സിക്കന്‍ നടിക്ക് സംഭവിച്ചത്.
ആത്മീയ കേന്ദ്രത്തിലെ ശുദ്ധീകരണ ചടങ്ങില്‍ പങ്കെടുത്തതിനു പിന്നാലെ മെക്സിക്കൻ ഷോര്‍ട്‌ഫിലിം നടി മാർസെല അൽകാസർ റോഡ്രിഗസിന് ദാരുണാന്ത്യം സംഭവിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഡിസംബർ ഒന്നിനായിരുന്നു സംഭവം. മാര്‍സെല ഒരു ശുദ്ധീകരണ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം ഛർദ്ദിയും വയറിളക്കവും വന്നാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ആമസോണ്‍ മഴക്കാടുകളില്‍ കാണപ്പെടുന്ന ഭീമന്‍ മങ്കി ഫ്രോഗിന്റെ വിഷം ഉൾക്കൊള്ളുന്ന ഒരു പാനീയം ഉപയോഗിച്ചാണ് ശുദ്ധീകരണ ചടങ്ങ് നടന്നത്. 'കാംബോ' എന്ന് അറിയപ്പെടുന്ന ഈ പദാർത്ഥം ദക്ഷിണ അമേരിക്കൻ ആദിവാസികൾ ശരീരത്തിൽ നിന്നും വിഷം നീക്കുന്നതിനായി ഉപയോഗിക്കുന്നതാണ്. ചില രാജ്യങ്ങളിൽ നിരോധിച്ചിക്കപ്പെട്ട പദാര്‍ത്ഥമാണിത്. മാർസെല, ഹീലർ ട്രെയിനിംഗ് ഡിപ്ലോമയുടെ ഭാഗമായി നടന്ന ആത്മീയ ശിബിരത്തിൽ പങ്കെടുക്കവേയാണ് ഈ പാനീയം കഴിച്ചത്.
പാനീയം കുടിച്ചതിനു പിന്നാലെ മാർസെലക്ക് കടുത്ത ഛർദ്ദിയും തീവ്രമായ വയറിളക്കവും അനുഭവിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശാരീരിക പ്രതികരണങ്ങൾ ഈ രീതിയിലുള്ള ചികിത്സാ രീതിയിൽ സാധാരണമാണെങ്കിലും ചില സാഹചര്യങ്ങളില്‍ അത് ഗുരുതരമായ ആരോഗ്യാവസ്ഥയ്ക്കും കാരണമാകാറുണ്ട്. ആത്മീയ ശുദ്ധീകരണത്തിന്റ ഭാഗമായി കുടിച്ചതിനാല്‍ ആദ്യഘട്ടത്തില്‍ മാര്‍സെല ചികിത്സ തേടാന്‍ വിസമ്മതിക്കുകയായിരുന്നു. പിന്നീട് മാര്‍സെലയെ കാണാനെത്തിയ സുഹൃത്താണ് അവശനിലയിലായ നടിയെ ആശുപത്രിയില്‍ എത്തിച്ചത്. എങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പരമ്പരാഗത ചികിത്സാ രീതികളുടെ പിന്നാലെ പോകുന്നവര്‍ അപകടസാധ്യതകളെക്കുറിച്ചുകൂടി പ്രത്യേകം ശ്രദ്ധ പുലർത്താനുള്ള ആവശ്യകത വ്യക്തമാക്കുന്ന സംഭവം കൂടിയായി മാറി മാര്‍സെലയുടെ അകാലമരണം. ആത്മീയവിശ്വാസങ്ങൾ മാനസികശാന്തിയും ഉണർവും നൽകുമായിരിക്കും പക്ഷേ ആരോഗ്യവും സുരക്ഷയും സംബന്ധിച്ച കാര്യങ്ങളിൽ വിവേകത്തോട് കൂടി ചിന്തിക്കണമെന്ന് ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുകയാണ് ഈ ദാരുണമരണം.