2019ല്‍ തീപിടുത്തമുണ്ടായപ്പോഴുളള ചിത്രവും നവീകരണത്തിന് ശേഷമുളള ചിത്രവും

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഗ്‌നിക്കിരയായ നോത്രദാം പളളിയുടെ നവീകരണം പൂര്‍ത്തിയായി. 7463 കോടി രൂപ ചെലവാക്കിയാണ് നോത്രദാം  കത്തീഡ്രല്‍ പുനര്‍നിര്‍മിച്ചിരിക്കുന്നത്. നവീകരിച്ച ശേഷമുളള പളളിയുടെ ചിത്രങ്ങള്‍ വിശ്വാസികളുടെയും സഞ്ചാരികളുടെയും ഹൃദയം കീഴടക്കുകയാണ്. ഫ്രാൻസിന്റെ സാംസ്കാരിക പൈതൃകവും അഭിമാനസ്തംഭവുമായ നവീകരിച്ച നോത്രദാം പളളിയുടെ കുദാശ നാളെയാണ്. കൂദാശയ്ക്ക് ശേഷം പളളി തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുക്കും. 

പാരീസിലെ ലോക പ്രശസ്തമായ നോത്രദാം പളളി 5 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അഗ്നിക്കിരയായത്. 2019 ഏപ്രിൽ 15നുണ്ടായ തീപിടുത്തത്തില്‍ പളളിയുടെ മേല്‍ക്കൂരയുടെ ഒരു ഭാഗം കത്തിയമര്‍ന്ന് ഉളളിലേക്ക് വീണ് നല്ലൊരു ഭാഗം നശിച്ചിരുന്നു. ഏകദേശം 24 മണിക്കൂറിലേറെ സമയമെടുത്താണ് തീയണയ്ക്കാനായത്. പിന്നീട് ആരംഭിച്ച പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് 5 വര്‍ഷങ്ങള്‍ക്കിപ്പുറം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 

പളളി പുതുക്കിപ്പണിതപ്പോഴും പഴയ അതേ തനിമ നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. 12–ാം നൂറ്റാണ്ടിൽ ഗോഥിക് വാസ്തുശിൽപ ശൈലിയിലാണ് നോത്രദാം പളളി നിര്‍മിച്ചിരുന്നത്. പളളിയുടെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ ദിവസവും 1300 തൊഴിലാളികള്‍ പങ്കുചേര്‍ന്നിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ പളളിയിലെത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. ഡിസംബര്‍ ഏഴിന് നടക്കുന്ന ചടങ്ങില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ ഒട്ടേറെ രാഷ്ട്രത്തലവന്മാര്‍ എത്തുന്നുണ്ട്.

ENGLISH SUMMARY:

Notre Dame to reopen after 5 years