ഫ്രാൻസിന്റെ സാംസ്കാരിക പൈതൃകവും അഭിമാനസ്തംഭവുമായ നവീകരിച്ച നോത്രദാം കത്തീഡ്രലിന്റെ കുദാശ നാളെ. 2019 ഏപ്രിൽ 15ലെ തീപിടിത്തത്തിൽ നല്ലൊരുഭാഗവും കത്തിപ്പോയ നോത്രദാം കത്തീഡ്രലാണ് അഞ്ചുവര്‍ഷം കൊണ്ട് നവീകരിച്ചത്. ആകെ 7463 കോടി രൂപ ചെലവായി. നാളെ മുതല്‍ തീർഥാടകർക്കായി കത്തീഡ്രൽ തുറന്നുകൊടുക്കും.
ഫ്രഞ്ച് വിപ്ലവം, പ്ലേഗ്, രണ്ടു ലോക മഹായുദ്ധങ്ങൾ, കലാപങ്ങൾ എന്നിവയെല്ലാം അതിജീവിച്ച നോത്രദാം കത്തീഡ്രലാണ് 2019ല്‍ തീപിടിത്തത്തില് നശിച്ചത്. 850 വർഷം പഴക്കമുള്ള കത്തീഡ്രലിന്റെ ഏതാനും ഭാഗങ്ങൾ മാത്രമാണു ശേഷിച്ചത്. 'നാം ഒരുമിച്ച് കത്തീഡ്രൽ പുനർനിർമിക്കും. ഇതു ഫ്രഞ്ച് ജനതയുടെ ദൗത്യവും നിയോഗവുമെന്ന്' പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ പറഞ്ഞിരുന്നു. അതിന്റെ പൂര്‍ത്തീകരണമാണ് ഈ കാണുന്നത്.
12–ാം നൂറ്റാണ്ടിൽ ഗോഥിക് വാസ്തുശിൽപ ശൈലിയിൽ നിർമിച്ച നോത്രദാം കത്തീഡ്രല്‍ ഒട്ടേറെ ചരിത്ര നിമിഷങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1804ൽ നെപ്പോളിയൻ ചക്രവർത്തിയുടെ കിരീടധാരണം ഇവിടെയായിരുന്നു. 1909ല്‍ പത്തൊൻപതാം പീയൂസ് മാർപാപ്പ ജോൺ ഓഫ് ആർക്കിനെ വിശുദ്ധനായായി പ്രഖ്യാപിച്ചത് നോത്രദാം കത്തീഡ്രലിലാണ്.
‘നോത്രദാം' എന്ന വാക്കിന് 'ഔർ ലേഡി' അഥവ പരിശുദ്ധ കന്യാമറിയം എന്നാണ് അർഥം. പാരിസ് ആർച്ച്ബിഷപ്പിന്റെ ആസ്ഥാനം. എഡി 1160ൽ നിർമാണം തുടങ്ങിയ ദേവാലയം പിന്നീട് പല പ്രാവശ്യം നവീകരിച്ചു. 1345ൽ ആണ് നിലവിലെ നിർമിതി പൂർത്തീകരിച്ചത്. എണ്ണമറ്റ കലാശേഷിപ്പുകൾ, ചരിത്രപരമായ തിരുശേഷിപ്പുകൾ, നിധികളുടെ കലവറ എന്നിവയാൽ സമ്പന്നമാണ് കത്തീഡ്രൽ. തീപിടിത്തത്തെ തുടര്‍ന്ന് നോത്രദാം കത്തീഡ്രലിൽ നിന്ന് മാറ്റിയ അമൂല്യവസ്തുക്കൾ ലൂവ്ര് മ്യൂസിയത്തിലാണ് സൂക്ഷിച്ചിരുന്നത്.
കുരിശിലേറ്റപ്പെടുന്ന സമയത്തു ക്രിസ്തുവിന്റെ ശിരസിൽ അണിയിച്ച മുൾക്കിരീടത്തിന് തീപിടിത്തത്തില് ഒരുകേടും സംഭവിച്ചിരുന്നില്ല. കത്തിയമർന്ന ഗോഥിക് ഗോപുരത്തിനു മുകളിൽ സ്ഥാപിച്ചിരുന്ന പൂവൻകോഴിയുടെ ചെമ്പുശിൽപം കേടുപാടുകളോടെ അവശിഷ്ടങ്ങൾക്കിടയിൽനിന്നു കണ്ടെത്തിയിരുന്നു. ഈ ശിൽപം ക്രിസ്തുവിന്റെ മുൾക്കിരീടത്തിന്റെ ഭാഗമടക്കം 3 തിരുശേഷിപ്പുകൾ അടക്കം ചെയ്തിട്ടുള്ളതാണ്. നോത്രദാം കത്തീഡ്രൽ തനിമ നിലനിർത്തി പുനഃസൃഷ്ടിച്ചാണു നവീകരിച്ചത്. ദിവസവും 1300 തൊഴിലാളികൾ ജോലിയിൽ പങ്കുചേർന്നു. ഇനി ലോകത്തിന് കണ്‍കുളിര്‍ക്കെ കാണാം...