ബന്ധങ്ങള്‍ പലതരത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന പ്രതിഭാസത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ആണും പെണ്ണും തമ്മിലുള്ള ബന്ധങ്ങള്‍ ബെസ്റ്റി, ഫ്രണ്ട്ഷിപ്പ് മാര്യേജ്, ഗോസ്റ്റിംഗ്, സിറ്റുവേഷൻഷിപ്പ്, സോംബീയിംഗ്, ലവ് ബോംബിംഗ് എന്നിങ്ങനെ പലതായി വിവരിക്കപ്പെടുന്നുണ്ട്. എന്നാല്‍ അതിനിടെ മറ്റൊരു നീക്കം വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ്.
സിനിമയിലൊക്കെ കാണുന്ന പോലെ വാടകയ്ക്ക് ഒരു ഭാര്യയെ ലഭ്യമാക്കുന്ന ‘റെന്‍ഡ് എ വൈഫ്’ സംവിധാനം തായ്‌ലന്‍റിന്‍ വന്‍ പ്രചാരം നേടുകയാണ്, ഒപ്പം വിമര്‍ശനങ്ങളും. തായ്‌ലൻഡിലെ അറിയപ്പെടുന്ന നഗരമായ പട്ടായയിലെ സാംസ്കാരിക ആചാരങ്ങളിൽ നിന്ന് ഉടലെടുത്തതാകാമെന്നാണ് വിലയിരുത്തൽ. വാടകയ്ക്ക് വരുന്ന ഭാര്യ, ആരാണോ കൂട്ടിക്കൊണ്ടുപോയത് അയാള്‍ക്ക് ഒരു ഭാര്യയുടെ കടമകളെല്ലാം നിര്‍വഹിച്ചുകൊടുക്കണം.
പണ്ട് ഒരു സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന ഈ രീതി ഇന്ന് ഒരു ബിസിനസ് എന്ന നിലയിലക്ക് പരിണമിച്ചുകഴിഞ്ഞു. ലാ വെറിറ്റെ ഇമ്മാനുവേലിന്‍റെ, 'തായ്‌ലൻഡ്‌സ് ടാബൂ, ദി റൈസ് ഓഫ് വൈഫ് റെന്റൽ ഇൻ മോഡേൺ സൊസൈറ്റി' (Thailand’s Taboo: The Rise of Wife Rental in Modern Society) എന്ന പുസ്തകത്തിലൂടെയാണ് ഇക്കാര്യമിപ്പോള്‍ ലോകശ്രദ്ധയില്‍പെട്ടത്.
കമ്പനി മുഖേനയാണ് ഭാര്യയെ ആവശ്യക്കാര്‍ക്ക് വാടകയ്ക്ക് ലഭിക്കുന്നത്. വലിയൊരു വിഭാഗം സ്ത്രീകൾക്ക് ഇതൊരു വരുമാനമാർഗമായി എന്നാണ് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. പട്ടായയിൽ എത്തുന്ന വിദേശ ടൂറിസ്റ്റുകളാണ് കൂടുതലും ഭാര്യയെ വാടകയ്ക്ക് എടുക്കുന്നത്. ബാറുകളിലും നൈറ്റ് ക്ലബുകളിലും ലഭ്യമാകുന്ന വാടക ഭാര്യമാര്‍ എന്ന ഈ സംവിധാനത്തിന് പക്ഷേ നിയമപരമായ പിന്തുണയില്ല. ദിവസങ്ങള്‍ മുതല്‍ മാസങ്ങള്‍ നീളുന്ന ഹ്രസ്വകാല കരാറില്‍ ഒപ്പിട്ടാണ് ഭാര്യയെ വാടകയ്ക്ക് എടുക്കുന്നത്. വയസ്സ്, ഭംഗി, വിദ്യാഭ്യാസം, കരാർ കാലാവധി എന്നിവ നോക്കിയാണ് വാടക നിരക്ക്. 1,600 ഡോളർ മുതൽ 1,16,000 ഡോളർ വരെയാണ് ഭാര്യയെ വാടകയ്ക്ക് എടുക്കുന്നയാള്‍ നല്‍കേണ്ടത്.