ജര്‍മനിയിലെ മക്ഡബര്‍ഗ് ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ടുമരണം. ഭീകരാക്രമണമെന്ന് സംശയിക്കുന്നു. കാറില്‍ സ്ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നതായി ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചവരില്‍ ഒരുകുട്ടിയും ഉള്‍പ്പെടുന്നു. 60 പേര്‍ക്ക് പരുക്കേറ്റു. കാറോടിച്ച സൗദി പൗരനായ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി ഏഴുമണിയോടെയാണ് കാര്‍ പാഞ്ഞുകയറിയത്.ആള്‍ക്കൂട്ടത്തിനിടയിലൂടെ കാര്‍ 400 മീറ്ററോളം സഞ്ചരിച്ചു. അറസ്റ്റിലായ 50 വയസുകാരന്‍ 2006ലാണ് ജര്‍മനിയിലെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന്‍റെ ലക്ഷ്യം വ്യക്തമല്ല.തെക്കന്‍ മാക്ഡെബര്‍ഗിലാണ് അറസ്റ്റിലായ സൗദി പൗരന്‍ ജീവിച്ചിരുന്നതെന്നും ഇയാള്‍ക്ക് പ്രത്യക്ഷത്തില്‍ തീവ്ര സംഘടനകളുമായി ബന്ധമുള്ളതായി സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞതായി ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണം പുരോഗമിക്കുകയാണ്. സൗദി വിദേശകാര്യമന്ത്രാലയം ആക്രമണത്തെ അപലപിച്ചു.
കറുത്ത ബിഎംഡബ്ല്യുകാറാണ് അമിത വേഗത്തില്‍ ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയതെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. ഇത് മ്യൂണികില്‍ നിന്നും വാടകയ്ക്കെടുത്ത കാറാണെന്നും സംശയമുണ്ട്. കാറിന്‍റെ പിന്‍സീറ്റിലായി വലിയ ലഗേജുണ്ടായിരുന്നുവെന്നും ഇത് സ്ഫോടകവസ്തുവാണെന്ന് സംശയിക്കുന്നതായും സ്ഥിരീകരിച്ചിട്ടില്ലെന്നും നഗര വക്താവ് മിഷേല്‍ റെയ്ഫ് പറഞ്ഞു.
മാക്ഡെബര്‍ഗില്‍ നിന്നുള്ള വാര്‍ത്ത രാജ്യത്തെ തന്നെ നടുക്കുന്നതും ഭീതിയിലാഴ്ത്തുന്നതുമാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷ്വാള്‍സ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. മാക്ഡെബര്‍ഗിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എട്ടുവര്‍ഷം മുമ്പ് ബെര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ട്രക്ക് പാഞ്ഞുകയറി 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ടുണീസിയക്കാരനായ അഭയാര്‍ഥിയാണ് അന്ന് ആക്രമണം നടത്തിയത്.