പാലത്തിന്റെ ദുരവസ്ഥ ചിത്രീകരിക്കാനായി കാമറാമാനെയും കൊണ്ടുവന്ന് വിഡിയോ തുടങ്ങിയതിനു പിന്നാലെ കൗണ്‍സിലര്‍ക്കു മുന്‍പില്‍ പാലം പിളര്‍ന്നുമാറി. ബ്രസീലിലാണ് സംഭവം. അങ്ങേയറ്റം ഭീതി തോന്നുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. സിറ്റി കൗണ്‍സിലര്‍ ഏലിയാസ് ജൂനിയറാണ് ഒരു കാമറാമാനെയും കൊണ്ടുവന്ന് പാലത്തിന്റെ ദുരവസ്ഥ ചിത്രീകരിച്ച് അധികാരികള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കാന്‍ ശ്രമിച്ചത്.
പാലത്തിലേക്ക് കാമറ ചലിപ്പിക്കാനാവശ്യപ്പെട്ട് പാലത്തിന്റെ മോശം അവസ്ഥയെക്കുറിച്ചു കൗണ്‍സിലര്‍ പറഞ്ഞു തുടങ്ങിയതോടെയാണ് സംഭവം. കാമറാമാനാണ് പാലം പിളര്‍ന്നുമാറുന്നത് കണ്ടത്. മരാന്നോയിലെ എസ്ട്രേറ്റോയെയും അഗ്വിയാറിനോപൊളിസും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണിത്. കൗണ്‍സിലര്‍ സംസാരിക്കുന്നതിനിടെ ഒരു വണ്ടി കടന്നുപോകുന്നതു കാണാം. ഉഗ്രശബ്ദമാണ് വാഹനം കടന്നുപോകുമ്പോഴുണ്ടായത്. പി്ന്നാലെ ഒരു ബൈക്കും കടന്നുപോകുന്നതിനിടെയാണ് സംഭവം. ബൈക്കിനു തൊട്ടുമുന്‍പിലാണ് പാലം പിളര്‍ന്നുമാറുന്നത് കാണാനാവുക.
പാലം തകര്‍ന്ന സംഭവത്തില്‍ ഒരു കുഞ്ഞുള്‍പ്പെടെ 3 പേര്‍ മരിച്ചതായാണ് പുറത്തുവരുന്ന വിവരം. പാലത്തിലൂടെ ഹെവി വാഹനങ്ങള്‍ക്ക് കടന്നുപോകാനാവില്ലെന്നാണ് കൗണ്‍സിലര്‍ പറയാന്‍ ശ്രമിച്ചത്. 64 വര്‍ഷം പഴക്കമുള്ള പാലമാണിത്. പാലം പിളരുന്ന സമയത്ത് എതിര്‍ദിശയില്‍ നിന്നും ഒരു പിക്കപ്പ് ലോറിയും കടന്നുവരുന്നുണ്ടായിരുന്നു. അപായം മനസിലാക്കിയ ലോറി റിവേഴ്സ് പോയതിനാല്‍ കഷ്ടിച്ച് രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
പാലം പിളരുന്ന ദൃശ്യങ്ങള്‍ കണ്ട് സോഷ്യല്‍മീഡിയയും അമ്പരന്നിരിക്കുകയാണ്. കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുന്ന സമയമായിരുന്നെങ്കില്‍ വലിയ ദുരന്തമായി മാറിയേനെയെന്നാണ് സൈബറിടം ആശങ്കപ്പെടുന്നത്. 1960ല്‍ നിര്‍മിക്കപ്പെട്ട പാലമാണ് തകര്‍ന്നത്.