കാസർകോട് പെർഡാല പുഴ കടക്കാൻ സ്വന്തമായി ട്രോളി റോപ് വേ നിർമിച്ച് കർഷകൻ. മീഞ്ചനടുക്ക സ്വദേശി ഭീമേഷയാണ് നിർമാണത്തിന് പിന്നിൽ. ഭീമേഷയുടെയും റോപ് വേയുടെയും വിശേഷങ്ങൾ കാണാം.
പെർഡാല പുഴയ്ക്ക് കുറുകെ ഒരു നടപ്പാലം. നാട്ടുകാരുടെ ഏറെ നാളായുള്ള ആവശ്യം. അധികൃതർ കൈമലർത്തി. ഒടുവിൽ ഭീമേഷ തന്നെ മുന്നിട്ടിറങ്ങി. നേപ്പാളിൽ പർവതങ്ങളുടെ ഇടയിൽ നിർമിച്ച ട്രോളി റോപ് വേയെക്കുറിച്ച് പഠിച്ചു. യൂട്യൂബിൽ നോക്കി നിർമാണം. പുത്തൂർ വിവേകാനന്ദ എൻജിനിയറിങ് കോളജിലെ പ്രൊ. സുനിൽ കുമാർ വേണ്ട സഹായങ്ങൾ നൽകി. പോളിടെക്നിക്കിൽ പഠിച്ച പാഠങ്ങളും സഹായിച്ചു. 60000 രൂപ ചെലവിൽ ട്രോളി റോപ് വേ റെഡി
നിർമാണത്തിനാവശ്യമായ തൂണുകളും കേബിളുകളും മംഗളൂരുവിൽ നിന്നാണ് വാങ്ങിയത്. 25 മീറ്റർ വീതിയുള്ള പുഴയ്ക്ക് കുറുകെയാണ് റോപ് വേ. 250 കിലോ ഭാരം വരെ താങ്ങും. പുഴയ്ക്ക് അക്കരെയുള്ള തോട്ടത്തിലേക്ക് ട്രോളി റോപ് വേയിലൂടെയാണ് ഭീമേഷയുടെ സഞ്ചാരം. മഴക്കാലത്ത് നാട്ടുകാരും ഉപയോഗിക്കും.