കസഖ്സ്ഥാനില്‍ യാത്രാവിമാനം തകര്‍ന്ന് 35 പേര്‍ മരിച്ച അപകടത്തില്‍ പ്രതികരണവുമായി ദൃക്സാക്ഷി മനോരമ ന്യൂസിനോട്. വിമാനം കണ്‍മുന്നില്‍ താഴെവീണ് കത്തിയമര്‍ന്നെന്ന് മലയാളിയായ ജിന്‍സ് മഞ്ഞാക്കല്‍ പറയുന്നു. വിമാനം താഴ്ന്ന് പറക്കുന്നത് കണ്ടപ്പോളാണ് വിഡിയോ എടുത്തതെന്നും പക്ഷിയിടിച്ചതെന്നാണ് സൂചനയെന്നും ജിന്‍സ് പറഞ്ഞു. അപകടം പതിനൊന്നരയോടെയായിരുന്നു. പക്ഷികളുടെ ശല്യമുള്ള മേഖലയാണ് ഇതെന്നും ജിന്‍സ് മഞ്ഞാക്കല്‍.
അതേസമയം, 32 പേര്‍ രക്ഷപെട്ടെന്നാണ് പ്രാഥമിക വിവരം. 62 യാത്രക്കാരുമായി പോയ അസര്‍ബെയ്ജാന്‍ എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ അഞ്ച് ജീവനക്കാരും ഉണ്ടായിരുന്നു. അസര്‍ബൈയ്ജാന്‍ തലസ്ഥാനമായ ബാകുവില്‍ നിന്ന് റഷ്യന്‍ നഗരമായ ഗ്രോസ്നിയിലേക്കുള്ള പോകുമ്പോളാണ് അപകടം.
വലിയ പക്ഷി വിമാനത്തില്‍ ഇടിച്ചതാകാം അപകടത്തിന് കാരണമെന്നാണ് വ്യോമയാന വിഭാഗം നല്‍കുന്ന വിവരം. കസഖ്സ്ഥാനിലെ അക്ടാവു നഗരത്തിന് സമീപമാണ് അപകടമുണ്ടായത്. എമര്‍ജന്‍സി ലാന്‍ഡിങ്ങിന് അനുമതി ചോദിച്ചതിന് തൊട്ടുപിന്നാലെ വിമാനം താഴേയ്ക്ക് കുത്തനെ വന്ന് നിലത്തിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഗ്രോസ്നിയിലെ മോശം കാലാവസ്ഥ മൂലം അക്ടാവുവിലേക്ക് തിരിച്ചുവിട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അസര്‍ബെയ്ജാന്‍, കിര്‍ഗിസ്ഥാന്‍, കസാഖിസ്ഥാന്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. കാസ്പിയന്‍ കടലിന് മുകളിലെ പക്ഷികള്‍ വിമാനങ്ങള്‍ക്ക് ഭീഷണിയാകാറുണ്ട്.