തിരുപ്പിറവി ആഘോഷങ്ങളിലേക്ക് കടന്ന് ലോകം. ലോകമെങ്ങുമുള്ള ക്രൈസ്തവ ദേവാലയങ്ങളില്‍ തിരുപ്പിറവിയുടെ ചടങ്ങുകള്‍. വത്തിക്കാനില്‍ 25വര്‍ഷം കൂടുമ്പോള്‍ തുറക്കുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധവാതില്‍ ക്രിസ്മസ് രാവില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തുറന്നു. ഇതോടെ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. 1,300ല്‍ ബോണിഫസ് ഏഴാമന്‍ മാര്‍പാപ്പയാണ് ജൂബിലി ആഘോഷത്തിന് തുടക്കമിട്ടത്. കേരളത്തിലും ക്രൈസ്തവ ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന ചടങ്ങുകള്‍ ആരംഭിച്ചു. എങ്ങും ക്രിസ്മസ് ആഘോഷങ്ങളും തകൃതിയാണ്.
കൊച്ചി സെന്‍റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ (കപ്പൽ പള്ളി) ക്രിസ്മസ് പാതിരാ കുർബാന 11.30ന് ആരംഭിച്ചു. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിലാണ് മുഖ്യ കാർമികത്വം. എല്ലാത്തിനെയും ഉൾക്കൊള്ളുന്ന മതേതര രാജ്യമാണ് ഇന്ത്യയെന്നും, അതിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്നും മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. കൊച്ചി കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ ക്രിസ്മസ് തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വം മരവിച്ചു പോയ സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും, എന്തിൻ്റെ പേരിലായാലും യുദ്ധം ഒന്നിനുമൊരു മറുപടിയല്ലെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. തീജ്വാല ശുശ്രൂഷയ്ക്ക് ശേഷം നടന്ന വിശുദ്ധ കുർബാനയിൽ അദ്ദേഹം മുഖ്യകാർമികനായി. തലസ്ഥാനത്ത് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ രാത്രി ഏഴിന് ആരംഭിച്ച ക്രിസ്മസ് തിരുക്കർമ്മങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമ്മികനായി. തീയുഴിച്ചൽ ശുശ്രൂഷയും വിശുദ്ധ കുർബാനയും കത്തീഡ്രൽ ഗായകസംഘം അവതരിപ്പിച്ച ക്രിസ്മസ് കരോളും ഉണ്ടായിരുന്നു.
ഗള്‍ഫില്‍ തിരുപിറവിയെ വരവേൽക്കാൻ ആരാധനാലയങ്ങളിൽ പ്രത്യേക പ്രാർഥനാ ചടങ്ങുകൾ നടന്നു. പുൽക്കൂടും അലങ്കാരങ്ങൾക്കുമൊപ്പം പള്ളികളിൽ കാരൾ മൽസരങ്ങളും അരങ്ങേറി. അബുദാബി സെന്റ്.ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിലെ ക്രിസ്മസ് ശുശ്രുഷകൾക്കു ഇടവക വികാരി ഫാ.ഗീവർഗീസ് മാത്യുവും സഹ.വികാരി ഫാ.മാത്യു ജോണും നേതൃത്വം നൽകി. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തിഡ്രലിൽ വികാരി ഫാ. അജു എബ്രഹാമിന്റെ നേതൃത്ത്വത്തിൽ ആയിരുന്നു ശുശ്രൂഷകൾ. ഓസ്‌ട്രേലിയയിലെ വിവിധ ദേവാലയങ്ങളലും ക്രിസ്മസ് ആരാധനകളും പാതിരാ കുർബാനകളും ആരംഭിച്ചു. ഗോൾഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ഫാദർ ഫെർഡിനൻഡ് പത്രോസ് നേതൃത്വം നൽകി. ക്രിസ്മസ് കുർബാനയിലും തീ ജ്വാല ശുശ്രൂഷയിലും നിരവധി വിശ്വാസികൾ പങ്കെടുത്തു.