വയോധികയ്ക്ക് തിമിര ശസ്ത്രക്രിയ നടത്തുന്നതിനിടെ, കണ്ണില്‍ നിന്ന് പുറത്തെടുത്തത് 27 കോണ്ടാക്റ്റ് ലെന്‍സുകള്‍!. യു.കെയിലെ ആശുപത്രിയിലാണ് സംഭവം. വയോധികയുടെ കണ്‍പോളയ്ക്കുതാഴെ നീലനിറത്തിലൊരു ഷെയ്ഡ് കണ്ടതോടെയാണ് ഡോക്ടര്‍മാര്‍ വിശദ പരിശോധന ആരംഭിച്ചത്. കണ്ണിലെ സ്രവത്തിന്‍റെ അംശം കൊണ്ട് ഒട്ടിപ്പിടിച്ചിരിക്കുന്ന തരത്തില്‍ 17 കോണ്ടാക്റ്റ് ലെന്‍സുകളാണ് കണ്‍പോളയുടെ അടിഭാഗത്ത് നിന്ന് കണ്ടെടുത്തത്.
വേദനയോ അസ്വസ്ഥതയോ പോലുള്ള യാതൊരുവിധ പ്രശ്നവും ഇവര്‍ക്ക് ഉണ്ടായിരുന്നില്ല. കണ്ണില്‍ ഇനിയും ലെന്‍സുകള്‍ ഉണ്ടാവുമോ എന്ന സംശയം ഡോക്ടര്‍മാരില്‍ വര്‍ധിച്ചു. അങ്ങനെ മൈക്രോസ്‌കോപ്പ് വെച്ച് ഒന്നുകൂടി പരിശോധിച്ചു. അതേ കണ്ണില്‍ നിന്ന് തന്നെ 10 ലെന്‍സുകള്‍ കൂടി വീണ്ടും കണ്ടെത്തി. വയോധികയ്ക്ക് അനസ്‌തേഷ്യ നല്‍കിയശേഷം ഡോക്ടര്‍മാര്‍ അത് സുരക്ഷിതമായി തന്നെ നീക്കം ചെയ്തു. അണുബാധയുണ്ടാവാനുള്ള സാധ്യത മുന്‍നിര്‍ത്തി വയോധികയുടെ സര്‍ജറി രണ്ടാഴ്ചത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്.
വയോധിക 35 വര്‍ഷമായി ലെന്‍സ് ഉപയോഗിച്ചിരുന്നു. ഓരോ മാസവും മാറ്റുന്ന തരത്തിലുള്ള കോണ്ടാക്റ്റ് ലെന്‍സുകളായിരുന്നു അവ. എല്ലാ ദിവസവും കിടക്കുന്നതിന് മുമ്പ് കണ്ണില്‍ നിന്ന് കോണ്ടാക്റ്റ് ലെന്‍സുകള്‍ മാറ്റേണ്ടതുണ്ട്. മാത്രമല്ല ഒരു മാസത്തെ ഇടവേളയില്‍ പഴയ ലെന്‍സ് മാറ്റിയിട്ട് പുതിയ ലെന്‍സ് വെയ്ക്കുകയും വേണം. ചിലപ്പോഴൊക്കെ രാത്രി കിടക്കാന്‍ നേരം ലെന്‍സ് ഊരാന്‍ നോക്കുമ്പോള്‍ അത് കണ്ണിലില്ലെന്ന് തോന്നിയിരുന്നുവെന്നും, നിലത്തുവീണ് നഷ്ടപ്പെട്ടതാണെന്നാണ് വിചാരിച്ചിരുന്നതെന്നും വയോധിക പറയുന്നു. എന്നാലതെല്ലാം കണ്ണില്‍ തന്നെ ഉണ്ടായിരുന്നു.