കാഴ്ചയുടെ ലോകം നഷ്ടമായപ്പോള്‍ സംഗീതത്തിന്‍റെ ലോകം സ്വയം സൃഷ്ടിച്ച് ജീവിതം കളര്‍ഫുള്ളാക്കാന്‍ ശ്രമിക്കുന്ന ഒരു കൊച്ചുമിടുക്കിയെ പരിചയപ്പെടാം. തിരുവനന്തപുരം വെങ്ങാന്നൂരിലെ മൂന്നാം ക്ളാസുകാരി വൈഗയാണ് അകക്കണ്ണിന്റെ വെളിച്ചത്തില്‍ കീബോര്‍ഡില്‍ താളം വിരിയിക്കുന്നത്. പക്ഷെ വൈഗയ്ക്ക് മുന്നോട്ട് പോകാന്‍ ഇനിയും ചില സഹായങ്ങള്‍ ആവശ്യമുണ്ട്.
നമ്മളെല്ലാം കണ്ട് ആസ്വദിച്ച പെരിയോനെ എന്ന ഗാനം വൈഗ കണ്ടിട്ടില്ല. അവളുടെ വിരലുകള്‍ ഓടിക്കളിക്കുന്ന കീബോര്‍ഡും അവള്‍ കണ്ടിട്ടില്ല. പക്ഷെ അവളുടെ മനക്കണ്ണില്‍ അവയ്ക്കെല്ലാം നമ്മള്‍ കണ്ടതിനേക്കാള്‍ തെളിച്ചമുണ്ട്.
കൂലിപ്പണിക്കാരായ അച്ഛന്റെയും അമ്മയുടെയും മോളായി പിറന്ന അവള്‍ക്ക് ജനിച്ചപ്പോള്‍ മുതല്‍ ഇരുട്ടാണ്. കളിപ്പാട്ടമായിട്ടാണ് മൂന്നാം വയസില്‍ അച്ഛന്‍ ചെറിയ കീബോര്‍ഡ് വാങ്ങിക്കൊടുത്തത്. പാട്ടോ താളമോ ആരും അവളോട് പറഞ്ഞുപോലും കൊടുത്തിരുന്നില്ല. പക്ഷെ വൈഗ തൊട്ടപ്പോള്‍ കീബോര്‍ഡില്‍ ഈണമായി.
ഇല്ലായ്മകള്‍ക്കിടയിലും മകളെ കീബോര്‍ഡ് പഠിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചു. പക്ഷെ കാഴ്ചയില്ലാത്ത കുട്ടിയെ പ്രത്യേക പരിഗണനയോടെ പരിശീലിപ്പിക്കാന്‍ ആരും തയാറായില്ല.
കാഴ്ചയുടെ ലോകത്തേക്ക് വഴിതുറക്കാന്‍ വിജയിക്കുമോയെന്ന് ഉറപ്പില്ലാത്ത ശസ്ത്രക്രീയ..സംഗീതലോകത്ത് ചുവടുറപ്പിക്കാന്‍ കൃത്യമായ പരിശീലനം. ഇത് രണ്ടുമാണ് ഇവരുടെ സ്വപ്നം. പ്രതീക്ഷയോടെ വൈഗ മുന്നോട്ട്..