പരസ്പരം പിരിയാനാകാത്ത വിധം ഒന്നായ ആ പെണ്‍സുഹൃത്തുക്കള്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനമെടുത്തു. എന്നാല്‍ വിവാഹം ആണും പെണ്ണും തമ്മിലല്ലേ നടക്കേണ്ടത് എന്ത് ചെയ്യും എന്ന ചോദ്യം അവര്‍ക്കിടയില്‍ വില്ലനായി. ഒടുവില്‍ കൂട്ടത്തില്‍ ഒരാള്‍ ആണായി മാറി, അവര്‍ വിവാഹിതരുമായി. ഉത്തര്‍പ്രദേശിലെ കനൂജില്‍ നിന്നാണ് ഒരപൂര്‍വ പ്രണയകഥ എത്തുന്നത്.

സാറൈ മീര എന്നയിടത്തുള്ള ഒരു ജ്വല്ലറി ഉടമയുടെ മകളും ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന മറ്റൊരു യുവതിയുമാണ് വിവാഹിതരായത്. 2020ലാണ് ഇരുവരും പരിചയത്തിലായത്. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ യുവതി ജ്വല്ലറിയില്‍ ആഭരണം വാങ്ങാനെത്തിയപ്പോഴായിരുന്നു ഇവര്‍ തമ്മിലുള്ള ആദ്യ കണ്ടുമുട്ടല്‍. പിന്നീട് ഇവര്‍ സൗഹൃദത്തിലായി, അത് പ്രണയമായി വളര്‍ന്നു. രണ്ടുപേര്‍ക്കും പരസ്പരം കാണാതിരിക്കാനും മിണ്ടാതിരിക്കാനും കഴിയാത്ത അവസ്ഥയായി. ഇതോടെ ഇനി ഒന്നിച്ച് ജീവിക്കാം എന്ന് ഇവര്‍ തീരുമാനിച്ചു.

വിവാഹത്തിലൂടെ ഒന്നിച്ച് ജീവിക്കാം എന്ന തീരുമാനമെടുത്തപ്പോള്‍, ഒരാള്‍ ആണായി മാറാം എന്നായി. അങ്ങനെ ജ്വല്ലറി ഉടമയുടെ മകള്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഇതുവരെ മൂന്ന് ശസ്ത്രക്രിയകള്‍ നടന്നു. ഇനി ഒരെണ്ണം ബാക്കിയുണ്ട്. ഏകദേശം ഏഴുലക്ഷം രൂപയോളം ചിലവാക്കിയാണ് ശസ്ത്രക്രിയ നടത്തിയത്. വിവാഹത്തിനു മുന്‍പ് പേരടക്കം മാറ്റി.

നവംബര്‍ 25നായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്. ഈ വിവാഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്ത് വരുന്നത്. നാലാമത്തെ ശസ്ത്രക്രിയ കൂടി കഴിഞ്ഞാല്‍ കാഴ്ചയില്‍ പൂര്‍ണമായും പുരുഷനാകാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് യുവതി പങ്കുവയ്ക്കുന്നതും.

ENGLISH SUMMARY:

A unique love story has captured the attention of social media users as two women from Uttar Pradesh's Kannauj district tied the knot, after one underwent a gender change to marry the other. The unconventional wedding has sparked widespread discussion online.