കോവിഡ്–19ന്‍റെ ഉദ്ഭവം ചൈനയിലെ ലാബില്‍ നിന്നുമാണെന്ന കണ്ടെത്തല്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി 'മുക്കി'യെന്ന് വെളിപ്പെടുത്തല്‍. യുഎസ് പ്രതിരോധ മന്ത്രാലയവും ഗവേഷകരും കൃത്യമായ തെളിവുകളടക്കം ഹാജരാക്കിയിട്ടും എഫ്ബിഐ ഉന്നതര്‍ ഈ വിവരം ഒഴിവാക്കിയ റിപ്പോര്‍ട്ടാണ് പ്രസിഡന്‍റ് ജോ ബൈഡന്‍ കൈമാറിയതെന്നാണ് പുതിയ വെളിപ്പെടുത്തല്‍. വിസില്‍ബ്ലോവറായ ലഫ്.കേണല്‍. മര്‍ഫിയാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
ജോണ്‍ ഹര്‍ധാം, റോബര്‍ട്ട് കട്ലിപ്, ജീന്‍ പോള്‍ എന്നീ ശാസ്ത്രജ്ഞരായിരുന്നു ഇതേക്കുറിച്ച് അന്വേഷണം നടത്തിയത്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരുന്ന വൈറസിനെ കുറിച്ച് 2008 ല്‍ വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പഠനത്തിലും വ്യക്തമാക്കിയിരുന്നു. വൈറസിനെ സജ്ജമാക്കിയതിന് പിന്നാലെ 2020 ല്‍ ചൈനീസ് സൈനിക ഗവേഷകന്‍ കോവിഡ് 19 വാക്സീനുള്ള പേറ്റന്‍റിന് അപേക്ഷിച്ചിരുന്നു. ഇയാള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പിന്നീട് മരിച്ചുവെന്നും ഗവേഷകര്‍ കണ്ടെത്തി.
യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് നല്‍കിയ റിപ്പോര്‍ട്ടില്‍ നിന്നും സുപ്രധാനമായ വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം തലവന്‍മാര്‍ മറച്ചുവച്ചുവെന്നാണ് കണ്ടെത്തല്‍. പഠന നിരീക്ഷണ ഗവേഷണങ്ങളിലൂടെയുള്ള കണ്ടെത്തല്‍ യുഎസ് കോണ്‍ഗ്രസുമായി പങ്കുവയ്ക്കുന്നതില്‍ നിന്നും മൂന്ന് ഗവേഷകര്‍ക്കും വിലക്കേര്‍പ്പെടുത്തി. കൃത്യമായ തെളിവുകള്‍ ഉണ്ടായിട്ടും ശാസ്ത്രജ്ഞരെ നിശബ്ദരാക്കിയെന്നും ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. സുതാര്യമല്ലാതെയാണ് റിപ്പോര്‍ട്ട് കൈകാര്യം ചെയ്തതെന്ന ആക്ഷേപം ഉദ്യോഗസ്ഥര്‍ക്കിടയിലും ഉണ്ടായിട്ടുണ്ട്.
വവ്വാലുകളില്‍ നിന്നും മനുഷ്യരിലേക്കും മറ്റ് മനുഷ്യരിലേക്കുമാണ് കൊറോണ വൈറസ് വന്നതെന്നായിരുന്നു ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് 2021 ല്‍ ചൈന പുറത്തുവിട്ട റിപ്പോര്‍ട്ട്. എന്നാല്‍ അക്കാലത്ത് തന്നെ കോവിഡ് വുഹാനിലെ വൈറോളജി ലാബില്‍ നിന്ന് പുറത്ത് വന്ന വൈറസില്‍ നിന്നാണെന്ന് യുഎസ് ആരോപണം ഉയര്‍ത്തിയിരുന്നു. കൊറോണ വൈറസുകളെ ജനിതക എഞ്ചിനീയറിങിലൂടെ സൃഷ്ടിച്ചുവെന്നായിരുന്നു യുഎസ് മാധ്യമങ്ങളടക്കം ആരോപിച്ചത്. നിലവില്‍ പുറത്തുവന്ന വാര്‍ത്തകളുടെ നിജസ്ഥിതി പരിശോധിച്ച ശേഷം എന്തിനാണ് വിവരം ബൈഡനില്‍ നിന്നും യുഎസ് കോണ്‍ഗ്രസില്‍ നിന്നും എഫ്ബിഐ മറച്ചതെന്ന് വിശദീകരിക്കേണ്ടി വരുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.