അനാവശ്യമായി സ്വയംഭോഗം ചെയ്യുന്നത് നിരോധിക്കാനുള്ള തീരുമാനത്തിലേക്ക് കടക്കാനൊരുങ്ങി അമേരിക്കന്‍ സംസ്ഥാനമായ മിസിസിപ്പി. മിസിസിപ്പി സ്റ്റേറ്റ് സെനറ്റിലെ നോര്‍ത്ത് ഓഫ് ജാക്സണ്‍ ജില്ലയെ പ്രതിനിധീകരിക്കുന്ന ഡെകോക്രാറ്റ് സെനറ്ററായ ബ്രാഡ്ഫോര്‍ഡ് ബ്ലാക്ക്മോന്‍ ഇത്തരമൊരു ആവശ്യവുമായി സഭയില്‍ ബില്‍ അവതരിപ്പിച്ചു. ഗര്‍ഭധാരണ ഉദ്യേശമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും സ്വയംഭോഗം ചെയ്യുന്നതും നിരോധിക്കുന്നതാണ് ബില്‍.
കോണ്‍ട്രാസെപ്ഷന്‍ ബിഗിന്‍സ് അറ്റ് എറക്ഷന്‍ ആക്ട് എന്ന പേരിട്ട ബില്ലാണ് സഭയില്‍ അവതരിപ്പിച്ചത്. ബീജ പരിശോധനയ്ക്കോ ബീജ ദാനത്തിനോ മാത്രമാണ് ഇളവുകള്‍ ലഭിക്കുന്നത്. ആദ്യ തവണ നിയമം ലംഘിക്കുന്നവര്‍ക്ക് 1,000 ഡോളര്‍ പിഴയാണ് ബില്ലില്‍ പറയുന്നത്. രണ്ടാമത്തെ തവണ നിയമം ലംഘിച്ചാല്‍ 5,000 ഡോളറും തുടര്‍ന്നും ലംഘിച്ചാല്‍ 10,000 ഡോളറുമാണ് പിഴ ശിക്ഷ.
റിപബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന സെനറ്റില്‍ ബില്‍ പാസാകാനുള്ള സാധ്യത കുറവാണ്. എന്നാല്‍ റിപബ്ലിക്കന്‍ ഗവര്‍ണര്‍ ടെറ്റ് റീവ്സ് ഒപ്പിട്ടാല്‍ ജൂലായ് മുതല്‍ നിയമം പ്രാബല്യത്തിലാകും. അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഗര്‍ഭഛിദ്ര വിരുദ്ധ നയത്തെ പരിഹസിക്കാനാണ് ബ്ലാക്ക്മോന്‍ ബില്‍ അവതരിപ്പിച്ചതെന്നും വിലയിരുത്തലുണ്ട്.
രാജ്യത്തും പ്രത്യേകിച്ച് മിസിസിപ്പിലെയും ഭൂരിഭാഗം ഗര്‍ഭഛിദ്ര, ഗര്‍ഭനിരോധന നിയമങ്ങളും സ്ത്രീകളെ കേന്ദ്രീകരിച്ചുള്ളവയാണ്. പുരുഷന്മാരെയും ഈ നിയമങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബില്‍ കൊണ്ട് ഉദ്യേശിക്കുന്നതെന്ന് ബ്രാഡ്ഫോര്‍ഡ് ബ്ലാക്ക്മോന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സമത്വം വേണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ വ്യക്തമാക്കി.
2022 ല്‍ സുപ്രീം കോടതി ഗര്‍ഭചിദ്രം ഭരണഘടനാവകാശമല്ലെന്ന് വ്യക്തമാക്കിയതോടെ റിപബ്ലിക്ക് ഭരണമുള്ള സംസ്ഥാനങ്ങള്‍ ഗർഭഛിദ്രവും ഗർഭനിരോധന മാർഗ്ഗങ്ങളും നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്. നിലവില്‍ യുഎസിലെ 12 സംസ്ഥാനങ്ങള്‍ ഗര്‍ഭചിദ്രം നിരോധനങ്ങളുടെ ഭാഗമാണ്.