അടിയന്തര ഘട്ടങ്ങളില്‍ സഹായം ആവശ്യപ്പെടാനും ഔദ്യോഗികമായി ബന്ധപ്പെടാനുമാണ് എമര്‍ജന്‍സി നമ്പറുകള്‍ ജനങ്ങള്‍ക്കായി നല്‍കുന്നത്. എന്നാല്‍ എമര്‍ജന്‍സി നമ്പര്‍ ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയാല്‍ അതിന്റെ ലക്ഷ്യം തന്നെ പ്രതിസന്ധിയിലാകും. എമര്‍ജന്‍സി നമ്പര്‍ ദുരുപയോഗം ചെയ്ത് പൊലീസിന് പൊല്ലാപ്പ് സൃഷ്ടിച്ച ഒരു വിദ്വാനെക്കുറിച്ചുള്ള വാര്‍ത്തയാണിത്.
ആദം വോഗര്‍ എന്ന 24കാരനാണ് പൊലീസിനെ ചുറ്റിച്ചത്. ആദ്യത്തെ കോള്‍ വന്നപ്പോള്‍ തന്നെ യുവാവ് താമസിച്ചിരുന്ന വിന്‍ഡ‌്സറിലെ ഹോട്ടലില്‍ പൊലീസെത്തി ഇയാളുടെ പ്രശ്നം ആരാഞ്ഞിരുന്നു. എന്നാല്‍ ആദമിന്റെ ആവശ്യം കേട്ട് പൊലീസുകാര്‍ അമ്പരന്നു. തൊട്ടടുത്തുള്ള കടയില്‍ പോയി തിരിച്ചുവരാന്‍ അയാള്‍ക്ക് പൊലീസിന്റെ വണ്ടി വേണം, യൂബറോ ടാകസിയോ എടുക്കാന്‍ ആദം തയ്യാറായിരുന്നില്ല.
ഇത്തരം ആവശ്യങ്ങള്‍ക്കല്ല എമര്‍ജന്‍സി നമ്പര്‍ ഉപയോഗിക്കേണ്ടതെന്ന് പൊലീസ് ആദമിനെ പറഞ്ഞ് ബോധ്യപ്പെടുത്തി. എന്തെല്ലാം ആവശ്യങ്ങള്‍ക്ക് വിളിക്കാമെന്നും വിളിക്കാന്‍ പാടില്ലെന്നും പറഞ്ഞ് ബോധ്യപ്പെടുത്തിക്കൊടുത്തു. എന്നാല്‍ പൊലീസ് പോയതിനു പിന്നാലെ 17 തവണ ഇയാള്‍ കോള്‍ ആവര്‍ത്തിച്ചു. ഗതികെട്ട പൊലീസിന് ആദമിനെ അറസ്റ്റ് ചെയ്യുകയല്ലാതെ മറ്റുവഴിയില്ലായിരുന്നു.
അമേരിക്കയിലെ യൂണിവേഴ്സല്‍ എമര്‍ജന്‍സി നമ്പറാണ് 911. അടിയന്തര സഹായത്തിനായി വിളിക്കാവുന്ന നമ്പര്‍. ഈ അറസ്റ്റോടെ രാജ്യത്ത് 911ന്റെ പ്രധാന്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരിക്കുകയാണ്.