കുടുംബത്തിനൊപ്പം ഉല്ലസിക്കാനായി ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ എത്തിയ യുവാവിന് സ്രാവിന്‍റെ ആക്രമണത്തില്‍ ദാരുണാന്ത്യം. ലൂക്ക് വാല്‍ഫോര്‍ഡെന്ന നാല്‍പതുകാരനായ പാസ്റ്ററാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ഹംപി ദ്വീപിന്‍റെ കിഴക്കന്‍ തീരത്ത് മീന്‍ പിടിക്കുന്നതിനിടെയാണ് സ്രാവിന്‍റെ ആക്രമണമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ലൂക്കിന്‍റെ കഴുത്തിലാണ് സ്രാവിന്‍റെ കടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ ലൂക്ക് അരമണിക്കൂറിനകം മരിച്ചുവെന്നും ക്വീന്സ്ലാന്ഡ് പൊലീസ് വ്യക്തമാക്കി.
പ്രെയ്സ് ചര്‍ച്ച് കത്തീഡ്രലിലെ പാസ്റ്ററായിരുന്നു ലൂക്ക്. ചൂണ്ടയിടുന്നതിനിടെയാണോ സ്രാവ് ആക്രമിച്ചതെന്നതില്‍ വ്യക്തതയില്ലെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം, മീന്‍ പിടിത്തം ലൂക്കിന്‍റെ ഹോബിയാണെന്ന് സമൂഹമാധ്യമത്തില്‍ അദ്ദേഹം പങ്കുവച്ച ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 2021 ല്‍ വലിയ മല്‍സ്യത്തെ ചൂണ്ടയിട്ട് പിടിച്ച ചിത്രം ലൂക്ക് പങ്കുവച്ചിരുന്നു.
ഡൈവിങിനായും സ്നോര്‍ക്കലിങിനായും നിരവധിപ്പേര്‍ എത്തുന്ന സ്ഥലമാണ് സ്രാവിന്‍റെ ആക്രമണം ഉണ്ടായ ഹംപി ഐലന്‍ഡ്. ഗ്രേറ്റ് ബാരിയര്‍ റീഫിലെ കെപ്പല്‍ ബേ ഐലന്‍ഡ്സ് നാഷണല്‍ പാര്‍ക്കിനോട് ചേര്‍ന്നാണ് ഈ ഭാഗമുള്ളത്. 2023 ഡിസംബറിലാണ് ഇതിന് മുന്‍പ് ഓസ്ട്രേലിയയില്‍ നിന്നും സ്രാവിന്‍റെ ആക്രമണത്തില്‍ ആളപായം ഉണ്ടായത്. തെക്കന്‍ ഓസ്ട്രേലിയയിലെ സര്‍ഫിങ് പ്രദേശത്ത് വച്ച് സ്രാവിന്‍റെ ആക്രമണത്തില്‍ അന്ന് 15കാരനാണ് കൊല്ലപ്പെട്ടത്. 1791ന് ശേഷം 1200 തവണ ഓസ്ട്രേലിയയില്‍ സ്രാവിന്‍റെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇക്കാലയളവില്‍ 250ലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വെള്ള സ്രാവ്, നീല സ്രാവ്, കടുവ സ്രാവ് എന്നിവയാണ് ഉപദ്രവകാരികള്‍.