s-korea-plane-34
  • ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഉയരുന്നു
  • 33 മൃതദേഹങ്ങള്‍ കണ്ടെടുത്തു; രണ്ടുപേരെ രക്ഷപെടുത്തി
  • അപകടം മുആന്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ

ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് 179 മരണം. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ മുആന്‍ വിമാനത്താവളത്തിലാണ് ദുരന്തം. ലാന്‍ഡിങ്ങിനിടെ റണ്‍വെയില്‍ നിന്ന് തെന്നിമാറിയ വിമാനം മതിലിലിടിച്ച് തീപിടിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 181 പേരില്‍ രണ്ടുപേര്‍ മാത്രമാണ് രക്ഷപെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ലോകത്തെ നടുക്കി ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും വിമാനദുരന്തം. ദക്ഷിണ കൊറിയന്‍ വിമാനക്കമ്പനിയായ ജെജു എയര്‍ലൈന്‍സിന്റെ ബോയിങ് വിമാനമാണ് റണ്‍വേയില്‍ തകര്‍ന്ന് തീപിടിച്ചത്. ബാങ്കോക്കില്‍ നിന്നെത്തിയ വിമാനം ലാന്‍ഡിങ്ങില്‍ റണ്‍വേയിലൂടെ ഉരഞ്ഞുനീങ്ങി നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് മതിലില്‍ ഇടിക്കുകയായിരുന്നു. 

തീഗോളമായി മാറിയ വിമാനത്തിന്റെ വാലറ്റം ഒഴികെ പൂര്‍ണമായി കത്തിയമര്‍ന്നു. ജീവനക്കാരായ ഒരു പുരുഷനും സ്ത്രീയുമാണ് രക്ഷപെട്ടത്. യാത്രക്കാരില്‍ രണ്ട് തായ്‌ലന്‍ഡ് പൗരന്‍മാരും മറ്റുള്ളവര്‍ ദക്ഷിണ കൊറിയന്‍ പൗരന്‍മാരുമാണ്. വിമാനത്തിന്‍റെ ചിറകില്‍ പക്ഷി വന്നിടിച്ചതും കാലാവസ്ഥ അനുകൂലമല്ലാതിരുന്നതും അപകടകാരണമായെന്നാണ് നിഗമനം. റണ്‍വേയിലേക്ക് താഴ്ന്ന വിമാനത്തിന്‍റെ ലാന്‍ഡിങ് ഗിയറുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. വിമാനത്തിന് തകരാറുണ്ടായിരുന്നതായി യാത്രക്കാരുടെ സന്ദേശങ്ങള്‍ കുടുംബങ്ങള്‍ക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 

വിമാനത്തിന്‍റെ ബ്ലാക് ബോക്സില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും പരിശോധിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. ദുരന്തത്തില്‍ ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച ദക്ഷിണ കൊറിയ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. 

ENGLISH SUMMARY:

South Korea Plane Crash Death toll rises