man-death

വിസ്കി ചാലഞ്ചില്‍ പങ്കെടുത്ത തായ് യുവാവിന് ദാരുണാന്ത്യം. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ താനാകര്‍ കാന്തിയാണ് അമിതമായി മദ്യം കുടിച്ചതിനെ തുടര്‍ന്ന് മരിച്ചത്. തായ്​വാനിലെ ഒരു പിറന്നാള്‍ ആഘോഷത്തിനിടെയാണ് സംഭവം നടന്നത്. 

ഡിസംബര്‍ 25ന് തായ്​വാനിലെ താ മയ് എന്ന ജില്ലയിലെ ചന്തബുരി എന്ന സ്ഥലത്താണ് പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് വിസ്കി ചാലഞ്ച് സംഘടിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ 'ബാങ്ക് ലെസ്റ്റര്‍' എന്ന പേരില്‍ അറിയപ്പെടുന്ന താനാകര്‍ കാന്തിയും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ആഘോഷപരിപാടികള്‍ക്കിടെയാണ് കൂട്ടത്തിലൊരാള്‍ ഏറ്റവുമധികം വിസ്കി കുടിയ്ക്കുന്നയാള്‍ക്ക് 30,000 ബാത്ത് (75,000 രൂപ) സമ്മാനമായി നല്‍കുമെന്ന ചാലഞ്ചിന് തുടക്കമിട്ടത്.

ആ പണം താന്‍ സ്വന്തമാക്കുമെന്ന് പറഞ്ഞ് താനാകര്‍ കാന്തി കൂടെയുളളവരോട് ബെറ്റ് വെക്കുകയായിരുന്നു. തുടര്‍ന്ന് 350 മില്ലി ലീറ്റര്‍ വരുന്ന 2 കുപ്പി മദ്യം ഒറ്റയടിക്ക് കുടിക്കുകയും ചെയ്തു. എന്നാല്‍ അമിതമായി മദ്യം ശരീരത്തിലെത്തിയതോടെ താനാകര്‍ കാന്തി ബോധരഹിതനായി വീണു. താനാകറിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ച് കഴിഞ്ഞിരുന്നു. ആല്‍ക്കഹോള്‍ അധികമായതിനെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അതേസമയം താനാകര്‍ കാന്തിയെ ചാലഞ്ചിന് ക്ഷണിച്ചവര്‍ക്കെതിരെയും വിസ്കി ചാലഞ്ച് നടത്തിയവര്‍ക്കെതിരെയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ENGLISH SUMMARY:

Alcohol challenge turns fatal