കുളി മലയാളിക്ക് ശുചിത്വത്തിന്‍റെ ഭാഗമാണ്. ദിവസവും തേച്ച് ഉരച്ച് കുളിക്കുന്നതാണ് ശീലമെങ്കിലും മലയാളിയെ കടത്തിവെട്ടിയിരിക്കുകയാണ് ബ്രസീലുകാര്‍. ലോകത്ത് ഏറ്റവും കൂടുതല്‍ തവണ കുളിക്കുന്നവര്‍ എന്ന റെക്കോര്‍ഡ് ബ്രസീലുകാരുടെ കയ്യിലാണ്. ആഴ്ചയില്‍ ശരാശരി 14 തവണയാണ് ബ്രസീലുകാര്‍ നനയുന്നത്. ശരാശരി 10.3 മിനുറ്റാണ് ബ്രസീലുകാര്‍ കുളിക്കാന്‍ ചെലവാക്കുന്നത്. എന്നാല്‍ ബ്രസീലുകാർ കുളിക്കുന്നത് വൃത്തിയുടെ പേരിലല്ല എന്നതാണ് രസകരം.
ഒരാഴ്ചയിലെ കണക്കെടുത്താല്‍ അഞ്ച് തവണ കുളിക്കുന്നതാണ് ലോകത്തെ ശരാശരി. യുകെയിലുള്ളവര്‍ ആഴ്ചയില്‍ ആറു തവണ മാത്രമാണ് കുളിക്കുന്നത്. ഇതിന്‍റെ ഇരട്ടിയാണ് ബ്രസീലുകാരുടെ കുളി. കുളിക്കാന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവാക്കുന്നതും ബ്രസീലുകാര്‍ തന്നെ. 10.3 മിനിറ്റ് ബ്രസീലുകാരുടെ കുളി നീണ്ട് നില്‍ക്കും. അമേരിക്കാരന്‍റെ കുളിയുടെ ദൈര്‍ഘ്യം 9.9 മിനിറ്റും ബ്രിട്ടീഷുകാരന്‍റേത് 9.6 മിനിറ്റുമാണ്. കാന്താർ വേൾഡ് പാനലിന്‍റെ ഗവേഷണമനുസരിച്ച് ഈ കണക്ക്.
ബ്രസീലിലെ സാംസ്കാരികവും കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണ് ഈ കുളിശീലം. ബ്രസീലിലെ ശരാശരി താപനില 24.6 ഡിഗ്രി സെല്‍ഷ്യസാണ്. ഈ ചൂട് തടയാനാണ് ബ്രസീലുകാരെ ഇടയ്ക്കിടെ കുളിമുറിയിലേക്ക് എത്തിക്കുന്നത്. കുറച്ചു മാത്രം കുളിക്കുന്ന ബ്രിട്ടനില്‍ താപനില 9.3 ഡിഗ്രി മാത്രമാണ്.
മലയാളിയുടെ കുളിയല്ല ബ്രസീലുകാരുടെ കുളി. സോപ്പു തേച്ച് വൃത്തിയായി കുളിക്കുന്നതിന് പകരം നനയുന്നതാണ് ലോകമെമ്പാടുമുള്ള ശീലം. ഇതാണ് ബ്രസീലും പിന്തുടരുന്നത്. ബ്രസീലില്‍ 93 ശതമാനം പേരും നനയുന്നതിനാണ് പ്രധാന്യം കൊടുക്കുന്നത്. ഏഴ് ശതമാനം പേരാണ് തേച്ച് ഉരച്ച് കുഴിക്കുന്നത്.