ജി 20 ഉച്ചകോടിക്കായി ബ്രസീലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. നീതിയുക്തമായ ലോകവും സുസ്ഥിര ഭൂമിയും എന്നതാണ് ബ്രസീല്‍ ഉച്ചകോടിയുടെ പ്രമേയം. രാഷ്ട്രനേതാക്കളുമായുള്ള ചര്‍ച്ച പ്രതീക്ഷയോടെ നോക്കിക്കാണുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രാദേശിക സമയം രാത്രി ഒന്‍പതുമണിയോടെ റിയോ ഡി ജനീറോയില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ ഇന്ത്യന്‍ അംബാസഡര്‍ സുരേഷ് റെഡ്ഡി അടക്കമുള്ളവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഹോട്ടലില്‍ വേദമന്ത്രോച്ചാരണങ്ങളോടെ വരവേല്‍പ്. ഇന്ത്യന്‍ സമൂഹവും മോദിയെ കാത്ത് ഹോട്ടലിന് മുന്നില്‍ നിന്നിരുന്നു. പരമ്പരാഗത ഗുജറാത്തി വേഷത്തില്‍ നൃത്തവും പാട്ടുമായി അവര്‍ എതിരേറ്റു. വിശപ്പിനും ദാരിദ്ര്യത്തിനുമെതിരായ പോരാട്ടമാണ് ജി 20 ഉച്ചകോടിയിലെ പ്രധാന വിഷയം. ഗ്ലോബല്‍ സൗത്തിനെ ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളുമുണ്ടാകും.
ഉച്ചകോടിയെ പ്രതീക്ഷയോടെ നോക്കിക്കാണുന്നുവെന്ന് ബ്രസീലിലെത്തിയ മോദി സമൂഹമാധ്യമത്തില്‍ കുറിച്ചു. ഉച്ചകോടിക്കിടെ രാഷ്ട്ര നേതാക്കളുമായി മോദി ഉഭയകക്ഷി ചര്‍ച്ചകളും നടത്തും.