അമേരിക്കയിലെ ന്യൂ ഓർലിയൻസില്‍ പുതുവര്‍ഷ ആഘോഷത്തിനിടെ ട്രക്ക് ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനഞ്ചായി. ചികില്‍സയിലുണ്ടായിരുന്ന അഞ്ചുപേര്‍കൂടിയാണ് മരിച്ചത്. അതേസമയം, ട്രക്ക് ഓടിച്ചുകയറ്റിയ ഡ്രൈവര്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ആശയങ്ങള്‍ പിന്തുടരുന്നവനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. യുഎസ് ആര്‍മിയില്‍ മുന്‍പ് സേവനമനുഷ്ടിച്ച ടെക്സസ് സ്വദേശിയായ യുഎസ് പൗരന്‍ ഷംസുദ് ദിന്‍ ജബ്ബാറാണ് പ്രതി. ഇയാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
ആക്രമണം നടത്തിയ വാഹനത്തില്‍ നിന്ന് ഐ.എസ് പതാകയും സ്ഫോടനശേഷിയുള്ള വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. പൈപ്പ് ബോംബുകളടക്കം സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി. സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചത് മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമെന്നതിന് തെളിവായി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. അക്രമത്തിനു മുന്‍പ് പ്രതി സാമൂഹികമാധ്യമങ്ങളില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിക്ക് ഭീകരസംഘടകളുമായി ബന്ധമുണ്ടോയെന്നതടക്കം അന്വേഷിക്കുന്നതായും എഫ്.ബി.ഐ. അറിയിച്ചു.