രാജ്യത്തിന്‍റെ ചരിത്രം തിരുത്തിയെഴുതി ബംഗ്ലദേശ്. 1971 ല്‍ ബംഗ്ലദേശ് സ്വതന്ത്രരാജ്യമായെന്ന് പ്രഖ്യാപിച്ചത് സിയാവുര്‍ റഹ്മാന്‍ ആണെന്നാണ് പുതിയ പാഠ പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രപിതാവിന്‍റെ സ്ഥാനത്ത് നിന്നും ഷെയ്ഖ് മുജിബുര്‍ റഹ്മാന്‍റെ പേര് നീക്കം ചെയ്തുവെന്നും ദ് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രൈമറി–സെക്കന്‍ററി തല പാഠപുസ്തകങ്ങളാണ് അടിമുടി മാറിയത്. ബംഗ്ലദേശിന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതും രാഷ്ട്രപിതാവും മുജിബുര്‍ റഹ്മാനാണെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിരുന്നത്.
പുസ്തകത്തിലെ പ്രസക്ത ഭാഗം ഇങ്ങനെ..' 1971 മാര്‍ച്ച് 26ന് സിയാവുര്‍ റഹ്മാന്‍ ബംഗ്ലദേശിന്‍റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. മാര്‍ച്ച് 27ന് ബംഗബന്ധുവിന് വേണ്ടിയും സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി'. പ്രഫ. എകെഎം റിയാസുല്‍ ഹാസന്‍ ചെയര്‍മാനായ ദേശീയ കരിക്കുലം ആന്‍റ് ടെക്സ്റ്റ് ബുക്ക് ബോര്‍ഡാണ് പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ചത്. ഊതിവീര്‍പ്പിച്ചതും അടിച്ചേല്‍പ്പിച്ചതുമായ ചരിത്രത്തില്‍ നിന്നുള്ള മോചനമാണിതെന്നായിരുന്നു എഴുത്തുകാരനും ഗവേഷകനുമായ റാഖല്‍ റാഹയുടെ പ്രതികരണം.
പാഠപുസ്തകങ്ങള്‍ പരിശോധിച്ചപ്പോള്‍ അത് വസ്തുനിഷ്ഠമല്ലെന്ന് കണ്ടെത്തി. ഷെയ്ഖ് മുജിബുര്‍ റഹ്മാന്‍ വയര്‍ലെസ് സന്ദേശം വഴി ബംഗ്ലദേശിന്‍റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുവെന്നാണ് രേഖപ്പെടുത്തിയിരുന്നത്. മുജിബുര്‍ റഹ്മാനാണ് സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയതെന്നാണ് അവാമി ലീഗ് അനുയായികള്‍ വിശ്വസിക്കുന്നത്. അന്നത്തെ ആര്‍മി മേജറായിരുന്ന സിയാവുര്‍ റഹ്മാന്‍ , മുജിബുര്‍ റഹ്മാന്‍റെ നിര്‍ദേശങ്ങള്‍ വായിക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ പറയുന്നു.
ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെയാണ് ഇടക്കാല സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നത്. ഷെയ്ഖ് മുജിബുര്‍ റഹ്മാന്‍റെ ചിത്രങ്ങള്‍ കറന്‍സിയില്‍ നിന്നും നീക്കം ചെയ്തു. രാജ്യവ്യാപകമായി മുജിബുര്‍ റഹ്മാന്‍റെ പ്രതിമകളും പെയിന്‍റിങുകളും നശിപ്പിക്കപ്പെട്ടിരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് ഷെയ്ഖ് ഹസീന രാജ്യം വിട്ടോടി ഇന്ത്യയില്‍ അഭയംതേടിയെത്തിയത്. മുജിബുര്‍ റഹ്മാന്‍ വധിക്കപ്പെട്ട ഓഗസ്റ്റ് 15ന് ബംഗ്ലദേശില്‍ നിലവിലുണ്ടായിരുന്ന പൊതു അവധിയും ഇടക്കാല സര്‍ക്കാര്‍ നിര്‍ത്തലാക്കി.