രാഷ്ട്രപിതാവും സ്ഥാപക പ്രസിഡന്‍റുമായ ഷെയ്ഖ് മുജിബുര്‍ റഹ്മാന്‍റെ ചിത്രം കറന്‍സി നോട്ടുകളില്‍ നിന്ന് ഒഴിവാക്കാന്‍ ബംഗ്ലാദേശ്. മുജിബുര്‍ റഹ്മാന്‍റെ ചിത്രം ഒഴിവാക്കി കറന്‍സി നോട്ടുകള്‍ റീഡിസൈന്‍ ചെയ്യാന്‍ മുഹമ്മദ് യൂനസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ കേന്ദ്ര ബാങ്കിനോട് നിര്‍ദ്ദേശിച്ചു.
സെപ്റ്റംബറില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തെന്നും ആറു മാസത്തിനകം പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറങ്ങുമെന്നും ബംഗ്ലാദേശ് ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കി. അവാമി ലീഗ് സർക്കാരിനെ പുറത്താക്കിയ പ്രക്ഷോഭത്തിന്‍റെ ഭാഗങ്ങള്‍ പുതിയ കറന്‍സിയില്‍ കാണുമെന്നാണ് വിവരം.
മതപരമായ ചിത്രങ്ങള്‍, ബംഗാളി പാരമ്പര്യത്തിന്‍റെ ഭാഗങ്ങള്‍ എന്നിവയും പുതിയ നോട്ടിൽ പ്രദർശിപ്പിക്കും. മുജീബുർ റഹ്മാനെ പ്രാധാന്യത്തോടെ അവതരിപ്പിച്ചതായിരുന്നു നേരത്തെയുള്ള ഡിസൈന്‍. 1975 ഓഗസ്റ്റ് 15 നാണ് മുജിബുര്‍ റഹ്മാന്‍ കൊല്ലപ്പെട്ടത്. ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ മുജിബുര്‍ റഹ്മാന്‍റെ ചരിത്രത്തെ ഒഴിവാക്കുന്ന നടപടികളാണ് സര്‍ക്കാറിന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നത്.
രാഷ്ട്രപതിയുടെ വസതിയിൽ നിന്നും അദ്ദേഹത്തിന്‍റെ ഛായാചിത്രം നീക്കിയതും മുജിബുര്‍ റഹ്മാനുമായി അവധിദിനങ്ങൾ റദ്ദാക്കിയതും ഇതിന്‍റെ ഭാഗമായിരുന്നു. പ്രതിഷേധ കാലത്ത് അദ്ദേഹത്തിന്‍റെ പ്രതിമകൾ തകർക്കുകയും ചുവർചിത്രങ്ങൾ വികൃതമാക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാനോട് കൂടുതല്‍ അടുക്കുന്നു എന്ന സൂചന നല്‍കുന്ന തീരുമാനവും ഇടക്കാല സര്‍ക്കാറിന്‍റെ ഭാഗത്തു നിന്നുണ്ട്. പാക് പൗരന്മാർക്ക് വിസ നല്‍കുന്നതിന് മുന്‍പ് ലഭിക്കേണ്ട സുരക്ഷാ ക്ലിയറൻസ് ഇടക്കാല സർക്കാർ ഒഴിവാക്കിയെന്നാണ് റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി സർവീസസ് ഡിവിഷൻ (എസ്എസ്ഡി) വിദേശകാര്യ മന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തില്‍ സർക്കാർ പ്രതികരിച്ചിട്ടില്ല.